സന്നിധാനം: ശബരിമല സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തില്‍ ഭക്തര്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നുകൊണ്ടിരിക്കെ സന്നിധാനത്ത് ഭക്തനെപ്പോലെ കറുപ്പുടുത്ത ഒരാള്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രം വൈറലാവുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളെ നോക്കിയാണ് ഇയാളുടെ ഈ പ്രതിഷേധം. ഭീകരസംഘടനാ പ്രവര്‍ത്തകരെ പോലെ തുണി കൊണ്ട് മുഖം മൂടിയാണ് ഈ യുവാവ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വലിയ ചര്‍ച്ചയായിട്ടുണ്ട്.


എന്തിനാണ് തല്ലിയതെന്ന് അറിയില്ല, കുഞ്ഞിന്റെ ചോറൂണിനു വന്നതാണ്’; ശബരിമലയില്‍ യുവാവിനെ തല്ലിച്ചതച്ച് സംഘപരിവാറുകാര്‍


ശ്രീധരന്‍പിള്ളേ, താങ്കള്‍ പറയുന്ന ഭക്തരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരിക്കും അല്ലേ ഇത് എന്നാണ് ചിലരുടെ ചോദ്യം. സന്നിധാനത്തെ ഭക്തന്‍ എന്ന് പറഞ്ഞ് നിരവധി പേര്‍ ഈ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകളാണ് സന്നിധാനത്ത് നേതൃത്വം നല്‍കുന്നത്.

ശബരിമലയില്‍ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂര്‍ സ്വദേശി ലളിതക്കുനേരെ നടപ്പന്തലില്‍വച്ചാണ് പ്രതിഷേധമുയര്‍ന്നത്. മകന്റെ കുട്ടിയുടെ ചോറൂണിനാണ് ലളിത സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ പാഞ്ഞടുക്കുകയായിരുന്നു.

തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്താന്‍ ലളിത ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങിയില്ല. ഇവരെ പിന്തുടര്‍ന്നെത്തിയ ഭക്തര്‍ ഏറെനേരം വന്‍ പ്രതിഷേധവും രോഷവും ഉയര്‍ത്തി.