72ാം വയസിലേക്ക് കടന്നിരിക്കുകയാണ് മമ്മൂട്ടി. സിനിമാ, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വര്‍ഷത്തേതുമെന്ന പോലെ ഇത്തവണയും ആരാധകര്‍ അദ്ദേഹത്തിന് വീടിന് മുന്നില്‍ ഒത്തുകൂടിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തി. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കാല്‍ ലക്ഷം രക്തദാനം സംഘടിപ്പിച്ചിരുന്നു.

അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍, സംവിധായകന്‍ അജയ് വാസുദേവ്, എറണാകുളം എ.സി.പി. രാജ്കുമാര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിരുന്നു.

പിറന്നാള്‍ തലേന്ന് മമ്മൂട്ടി പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടിയിരുന്നു. കയ്യുറ ഉള്‍പ്പെടെ മുഴുവന്‍ വെള്ള നിറത്തിലുള്ള ഒരു വേഷമാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. ഷര്‍ട്ടിന്റെ അരികില്‍ ചുവന്ന ബോര്‍ഡറും കാണാം.

അതേസമയം ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ അപ്‌ഡേറ്റും ഇന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കാതല്‍ ആണ് ആദ്യം റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക ആണ് നായിക.

കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയ്‌ലര്‍ സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം 6 മണിക്ക് ഇറങ്ങുമെന്ന് ഇന്നലെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഭൂതകാലത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ മമ്മൂട്ടിക്കൊപ്പം ഒരുമിക്കുന്ന ഹൊറര്‍ ചിത്രമായ ഭ്രമയുഗത്തിന്റെ അപ്‌ഡേറ്റും ഇന്ന് ഉണ്ടായേക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ രാവിലെ 11 മണിക്ക് നിര്‍മാതാക്കള്‍ പുറത്തുവിടും. ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് അടുത്തിടെ പ്രഖ്യാപിച്ച മറ്റൊരു മമ്മൂട്ടി ചിത്രം.

Content Highlight: Mammootty seeing the fans who came to celebrate his birthday