2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

മമിത ബൈജു. Photo: 4K Walpapers

ഇതിന് ശേഷം വമ്പന്‍ അവസരങ്ങളാണ് താരത്തെ തേടി തമിഴില്‍ നിന്നുമെത്തിയത്. പ്രദീപ് രംഗനാഥന്റെ ഹിറ്റ് ചിത്രം ഡ്യൂഡ്, വിജയ് ചിത്രം ജന നായകന്‍ തുടങ്ങിയ സിനിമകളിലൂടെയെല്ലാം ശ്രദ്ധിക്കപ്പെട്ട മമിതയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വെങ്കി അത്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആന്‍ഡ് സണ്‍സ്.

ഇന്ന് (വെള്ളി) തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വലിയ ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെ കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഇതുവരെയുള്ള എന്റെ എക്‌സ്പീരിയന്‍സില്‍ നിന്നും എന്റെ ചുറ്റുമുള്ളവരുടെ എക്‌സ്പീരിയന്‍സില്‍ നിന്നും ഞാന്‍ മനസിലാക്കിയതെന്താണെന്ന് വെച്ചാല്‍ സക്‌സസിലൂടെയോ ഫെയ്മിലൂടെയോ കടന്ന് പോകുന്ന ആള്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ സെല്‍ഫ് ഡൗട്ടുള്ള ആള്‍ക്കാരായിരിക്കും. അവരെപ്പോഴും അവരുടെ സെല്‍ഫിനെ വിമര്‍ശിച്ച് കൊണ്ടിരിക്കും. ഭയങ്കര വള്‍ണറബിള്‍ സ്‌പേസിലായിരിക്കും അവരുണ്ടാകുക.

ഇത് പറയാനുള്ള കാരണം ഞാന്‍ അത് കണ്ടിട്ടുള്ളത് കൊണ്ടാണ്. അതെനിക്ക് മാത്രമാണെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്. പക്ഷേ എല്ലാവര്‍ക്കും അത് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇതാണ് ഇതിന്റെ റിയാലിറ്റി എന്ന് ഞാന്‍ മനസിലാക്കി. നമുക്ക് ഒരു നല്ല അടിപൊളി പടം കിട്ടുമ്പോള്‍ കാണുന്നവര്‍ വിചാരിക്കും ഇനി അവളുടെ ലൈഫ് സെറ്റായി എന്ന്. പക്ഷേ അവര്‍ക്കതിന്റെ റെസ്‌പോണ്‍സിബിളിറ്റി ഇരട്ടിയുടെ ഇരട്ടി ആകുകയാണ്.

വിശ്വനാഥ് ആന്‍ഡ് സണ്‍സ്. Photo: X.com

സത്യം പറഞ്ഞാല്‍ അവര്‍ക്ക് ഭയങ്കര പേടിയായിരിക്കും ഉണ്ടാകുക. കാരണം ഇനി നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയില്ലല്ലോ. മാത്രമല്ല ചെയ്യാന്‍ പോകുന്ന പ്രൊജക്ടില്‍ എന്തെങ്കിലും നമ്മുടെ കൈയില്‍ നിന്നും പാളിപ്പോയാല്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത അത്രയും വിമര്‍ശനം നമുക്ക് കിട്ടുകയും ചെയ്യും. ഇത് താങ്ങാനുള്ള മനസുണ്ടാകണം. ഇല്ലെങ്കില്‍ അതില്‍ കിടന്ന് നമ്മള്‍ ബുദ്ധിമുട്ടും,’ മമിത പറഞ്ഞു.

Content Highlight: Mamitha Baiju talks about pressure she faces with success and fame