ഇഷ്ടമില്ലാത്ത ഒരു കാര്യം നമുക്കെതിരെ നടന്നാല്‍ 'മുറിയില്‍ നിന്നും ഇറങ്ങടാ' എന്ന് പറയാന്‍ കഴിയണം; അഞ്ച് വര്‍ഷം കഴിഞ്ഞിട്ടല്ല പറയേണ്ടത്: മല്ലിക സുകുമാരന്‍
മലയാള സിനിമയിലെ മുതിർന്ന നടിയായ മല്ലികാ സുകുമാരൻ, അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ നിലവിലെ വിവാദങ്ങളിൽ തന്റെ വിമർശനങ്ങളും അതൃപ്തിയും തുറന്നുപറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമാ മേഖലയിലടക്കമുള്ള സംഘടന പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് താരം. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഈ അടുത്ത കാലത്തായി കണ്ടുവന്നഒരു മോശം പ്രവണത എന്താണെന്നു വെച്ചാൽ ചുമ്മാ കുറെ പെൺകുട്ടികൾ വന്നു ചീത്ത വിളിക്കുക എന്നതാണ്. അവിടെ ആളുകൾ തെറ്റ് ചെയ്യുന്നില്ല എന്നല്ല, ഞാൻ അടിവരയിട്ട് പറയുന്നു തെറ്റ് ആര് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം. ഞാൻ മുൻ സാംസ്കാരിക മന്ത്രിയോട് നേരിട്ട് പറഞ്ഞ ഒരു കാര്യമാണ്, ഒരു സിനിമ സെറ്റിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ഒരു വ്യക്തിക്ക് നേരെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ നടന്നാൽ ഒരു ആഴ്ചയ്ക്കകമോ അല്ലെങ്കിൽ പത്ത് ദിവസത്തിനകമോ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കണം.
അല്ലാതെ അഞ്ചു വർഷം കഴിഞ്ഞിട്ട് അന്ന് ഞാൻ ആ വഴി പോയപ്പോൾ അയാൾ എന്നെ അങ്ങനെ നോക്കി എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് ഓരോരുത്തരുടെയും ജീവിതം ഇല്ലാതാക്കുന്ന പോലെയാണ്. ഇഷ്ടമില്ലാത്ത ഒരു കാര്യം നമുക്കെതിരെ നടന്നാൽ മുറിയിൽ നിന്നും ഇറങ്ങടാ എന്ന് പറയാൻ നമുക്ക് ആരുടെയും അനുവാദം ആവശ്യമില്ല.
ഇപ്പോൾ എന്റെ കാര്യത്തിൽ തന്നെ സോഷ്യൽ മീഡിയ വഴി എനിക്കെതിരെ ഓരോന്നും പറയുന്ന ഇരുപതോളം വ്യാജ ഐഡിയിലുള്ള നമ്പറുകൾ ഞാൻ എടുത്തു വെച്ചിട്ടുമുണ്ട്, അതിനെക്കുറിച്ച് ഞാൻ അന്വേഷിക്കാറുമുണ്ട് . പക്ഷെ എനിക്ക് അതിൽ പരാതിയില്ല, കാരണം നമ്മളെ തെറിവിളിക്കുമ്പോൾ അവർക്ക് എന്തെങ്കിലും ഉപകാരം കിട്ടുന്നുണ്ടെങ്കിൽ എന്തിന് വെറുതെ അവരുടെ വരുമാനം കളയണം എന്ന് വിചാരിച്ചിട്ടാണ്.
അതുകൊണ്ട് ഒരു സിനിമ സെറ്റിലോ മറ്റോ എന്തെങ്കിലും അനിഷ്ട കാര്യങ്ങൾ നടന്നാൽ ബന്ധപ്പെട്ട സംവിധായകർക്കോ പ്രൊഡ്യൂസർമാർക്കോ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ പരാതി നൽകുക. ഇത്തരത്തിലുള്ള കുറെ പാകപ്പിഴകൾക്ക് ഒരു സിസ്റ്റമാറ്റിക് ആയിട്ടുള്ള സംവിധാനങ്ങൾ ആവശ്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം, അതിന് സർക്കാർ തലത്തിൽ തന്നെ ഒരു സംവിധാനം വേണം.
പിന്നെ ഇന്ന് ശിക്ഷ തീരുമാനിക്കുന്നതും, ഏത് പറയണം അല്ലെങ്കിൽ പറയേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് സംഘടനകളിലുള്ള ആളുകൾ തന്നെയാണ്. അതിൽ നിന്നും മാറ്റം വന്നേ പറ്റൂ. ഒരു തെറ്റ് പുറത്തു പറയാൻ ആരെയാണ് ഭയക്കുന്നത് ആരാണ് അവരോട് ആ വിഷയം പറയേണ്ട എന്ന് പറയുന്നത് അപ്പോൾ ഇവരും ആ തെറ്റിൽ പങ്കാളികളാണ്.
കലാകാരന്മാരുടെ സംഘടനയോ സാംസ്കാരിക സംഘടനയോ ആയാലും തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാൻ മടിക്കരുത്. അത് പബ്ലിക്കായി പറയാനല്ല പറയുന്നത്, നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് പറയുമ്പോൾ അത് തിരുത്താൻ അതിന്റെ നേതൃത്വത്തിന് സാധിക്കണം. അതിപ്പോൾ മന്ത്രിസഭയിലായാലും അല്ലെങ്കിൽ ചെറിയ സംഘടനയിലായാലും അങ്ങനെ ഒരു സംവിധാനം വേണം. ഇങ്ങനെയല്ലാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ആണായാലും പെണ്ണായാലും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയിൽ ചെയ്യാൻ പഠിക്കുക,’ മല്ലിക സുകുമാരൻ പറഞ്ഞു.