കഥാപാത്രം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ വ്യക്തിപരമായ ആശയങ്ങൾക്ക് ഇടം നൽകാറില്ലെന്ന് നടൻ വിനയ് ഫോർട്ട്. വൾഗറായ രംഗങ്ങളോ മോശം വാക്കുകളോ ഉള്ളതിന്റെ പേരിൽ ഒരു കഥാപാത്രത്തെ തള്ളിക്കളയുന്ന സമീപനം തനിക്കില്ലെന്നും, ഒരു നല്ല സംവിധായകൻ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് കഥയുടെ ഭാഗമാണെങ്കിൽ ചെയ്യുമെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി. കഥാപാത്രത്തോട് നീതി പുലർത്തുക എന്നതാണ് ഒരു നടൻ എന്ന നിലയിൽ തന്റെ പ്രധാന പരിഗണനയെന്നും താരം 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ ഒരു കലാകാരനാണ് നാളെ ഒരു സംവിധായകൻ വന്ന് ഒരു കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ചില കാര്യങ്ങൾ ചെയ്യണമെന്ന് പറഞ്ഞാൽ, ഒരുപക്ഷേ ന്യൂഡായി അഭിനയിക്കേണ്ടി വന്നേക്കാം. അത് മുഴുവൻ സ്ക്രിപ്റ്റിന്റെ ആവശ്യകതയാണെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്യും,’വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ട്.Photo: Screen Grab/ Youtube

വൾഗറായ കാര്യങ്ങൾ ചെയ്യില്ലെന്നോ മോശം വാക്കുകൾ ഉപയോഗിക്കില്ലെന്നോ തീരുമാനിച്ചാൽ അത് തന്റെ അഭിനയത്തെ തന്നെ പരിമിതപ്പെടുത്തുമെന്നും താരം വ്യക്തമാക്കി.

‘ഞാൻ വൾഗറായിട്ടുള്ള കാര്യങ്ങൾ പറയില്ല, മോശപ്പെട്ട വാക്കുകൾ ഉപയോഗിക്കില്ല എന്നൊന്നും പറയുന്നില്ല. ഉദാഹരണത്തിന്, ഞാൻ ഒരു ചേരിയിൽ താമസിക്കുന്ന, സ്കൂളിൽ പോയിട്ടില്ലാത്ത ഒരു ഗ്യാങ്സ്റ്ററാണ് എന്ന് കരുതുക. അയാളുടെ ബാക്ക്ഗ്രൗണ്ട് ഭയങ്കര ഡാർക്ക് ആയിരിക്കാം. അയാളെ വളർത്തിയ ആളുകൾ അയാളേക്കാൾ മോശപ്പെട്ടവരായിരിക്കാം. അയാൾ സംസാരിക്കുന്ന രീതിയുണ്ടാകും, അയാൾ ചെയ്യുന്ന പ്രവർത്തികളുണ്ടാകും. അപ്പോൾ എന്റെ പ്രയോറിറ്റി ആ കഥാപാത്രത്തോട് നീതി പുലർത്തുക എന്നുള്ളതാണ്,’ നടൻ പറഞ്ഞു.

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഏറ്റവും അഭിമാനം തോന്നിയ സിനിമകളിലൊന്നാണ് ചുരുളിയെന്നും ആ സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

‘ചുരുളിയിൽ അഭിനയിച്ച ഒരാളാണ് ഞാൻ. അതിനെക്കുറിച്ച് പിന്നീട് വിവാദമുണ്ടായപ്പോഴും, എനിക്ക് ഇതെല്ലാം കൃത്യമായ ബോധ്യത്തിൽ തന്നെയാണ് ചെയ്തത് എന്നാണ് ഞാൻ പറഞ്ഞത്. ഒരു നടനെന്ന നിലയിൽ ഏറ്റവും പ്രൗഡ് ആയിട്ട് എനിക്ക് ഫീൽ ചെയ്ത ഒരു സിനിമയാണ് ചുരുളി. ആ സിനിമയുടെ ഭാഗമായി എന്നതിൽ എനിക്ക് സന്തോഷമുണ്ട്,’ വിനയ് പറഞ്ഞു.

സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന കാര്യങ്ങളോട് താൻ എതിരാണെന്നും വിനയ് ഫോർട്ട് വ്യക്തമാക്കുന്നു. സമൂഹത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കണമെന്നും മനുഷ്യർ സമാധാനത്തോടെ ജീവിക്കണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും താരം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ കഥാപാത്രങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.

‘ഞാൻ ഒന്നിനും എതിരല്ല. സമൂഹത്തിൽ നല്ലത് നടക്കണം എല്ലാ മനുഷ്യരും പീസ്ഫുൾ ആയിട്ട് നിൽക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഒരു മീഡിയത്തിൽ നിന്ന് തെറ്റായ മെസേജുകൾ കിട്ടുന്നതിനൊക്കെ ഞാൻ എതിരായിരിക്കാം. പക്ഷേ, ഞാൻ അങ്ങനെ ഒരു നിലപാട് എടുക്കുന്നത് കൊണ്ട് എന്നിലുള്ള ആക്ടർ ഇല്ലാതായേക്കാം,’വിനയ് ഫോർട്ട് പറഞ്ഞു.

ഒരു കഥാപാത്രം എന്ത് ചെയ്യുന്നു എന്നതിനെ സ്വന്തം വ്യക്തിപരമായ നിലപാടുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും വിനയ് പറയുന്നു. കഥാപാത്രത്തിന്റെ പ്രവർത്തികളെ ആഴത്തിൽ മനസിലാക്കി, അതിന്റെ ഡെപ്ത്തിലേക്ക് പോയി അവതരിപ്പിക്കുകയാണ് ഒരു നടൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമെന്നും താരം വ്യക്തമാക്കി.

ചുരുളി. Photo. IMDb

 

 

‘ഞാനിപ്പോൾ ഈ ഒരു തരം കഥാപാത്രം ചെയ്യില്ല, അല്ലെങ്കിൽ മോശപ്പെട്ട വാക്ക് ഉപയോഗിക്കില്ല എന്നൊന്നും പറയില്ല. എന്റെ കഥാപാത്രത്തോട് നീതി പുലർത്തുക എന്നതാണ് എന്റെ പ്രയോറിറ്റി. നമ്മൾ ആ കഥാപാത്രത്തെ ഭയങ്കര ഗഹനമായിട്ട് കാണുകയും അതിന്റെ ഏറ്റവും ഡെപ്ത്തിലേക്ക് പോയിട്ട് നന്നായി ചെയ്യാനായി ശ്രെമിക്കുകയും ചെയ്യുക എന്നുള്ളതാണ്,’ താരം പറഞ്ഞു.

Content Highlight: Actor Vinay Forrt opens up take on any role that does justice to the character