2024 തുടക്കത്തിൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായക വേഷത്തിൽ എത്തുന്ന മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിയിരിക്കുകയാണ്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

 

പോസ്റ്ററിൽ യുദ്ധത്തിന്റെ പോർക്കളമായിട്ടാണ് സൂചിപ്പിക്കുന്നത്. അമ്പും വില്ലും ഏന്തിയ പടയാളികളും ബ്രിട്ടീഷ് പൊലീസുകാരുടെ വേഷമണിഞ്ഞവരുമൊക്കെയായി ഒരു യുദ്ധത്തിന്റെ പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. ഇവരുടെ കൂട്ടുകെട്ടിൽ ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്. ലിജോയുടെ ശിഷ്യനായ മിഥുൻ മാനുവൽ തോമസ് അസ്സോസിയേറ്റ് ഡയറക്ടറാണ്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.

Content Highlight: Malaikotte valiban new poster out