എഡിറ്റര്‍
എഡിറ്റര്‍
ബാങ്കു വിളിയ്‌ക്കെതിരായ പരാമര്‍ശം: സോനു നിഗത്തിന് പിന്തുണയുമായെത്തിയ യുവാവിന് കുത്തേറ്റു
എഡിറ്റര്‍
Thursday 20th April 2017 3:34pm

ഭോപ്പാല്‍: ബാങ്കുവിളിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ബോളിവുഡ് ഗായകന്‍ സോനു നിഗത്തെ
പിന്തുണച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ യുവാവിനെ കുത്തിപരുക്കേല്‍പ്പിച്ചു. മധ്യപ്രദേശിലെ ഗോപാല്‍പുരയിലാണ് സംഭവം.

പള്ളികളില്‍ ബാങ്കു വിളിക്കുമ്പോള്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സോനുവിന്റെ അഭിപ്രായത്തെ പിന്തുണച്ചതിനാണ് ശിവറാം റായ് എന്ന യുവാവിനെ മുഹമ്മദ് നഗോരി, ഫൈസാന്‍ ഖാന്‍ എന്നിവര്‍ ആക്രമിച്ചത്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം.

ഫോണിലൂടെ പ്രദേശത്തെ ഫ്രീഗഞ്ച് മേഖലയില്‍ വച്ചു കാണാന്‍ പറഞ്ഞു. ശിവറാമും സുഹൃത്ത് ശ്രീവാസും അതു പ്രകാരം സ്ഥലത്തെത്തിയപ്പോള്‍ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ശിവറാം പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ യുവാവിന്റെ പരാതിയിന്‍ മേല്‍ മാധവ്‌നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമികളെ ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, തന്റെ തലമൊട്ടയടിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത പത്തു ലക്ഷം രൂപയാവശ്യപ്പെട്ട ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന് പണം നല്‍കില്ലെന്ന് മതപുരോഹിതന്‍ സെയ്ദ് ഷാ അതെഫ് അലി പറഞ്ഞു. താനാവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചെയ്താല്‍ മാത്രമേ പണം നല്‍കുവെന്നാണ് സെയ്ദാ ഷാ പറഞ്ഞത്.

പള്ളികളിലെ ബാങ്കുവിളിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിലായിരുന്നു സോനുവിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് മൗലവി വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു മറുപടിയുമായെത്തിയ സോനു താന്‍ തന്നെ തല മൊട്ടയടിക്കുകയാണെന്നും പണം തയ്യാറാക്കിവെച്ചോളു എന്നും ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മാധ്യമങ്ങളെയും വീട്ടിലേക്ക് ക്ഷണിച്ച സോനു ഇന്ന് ഉച്ഛയ്ക്ക് തല മൊട്ടയടിക്കുകയും ചെയ്തു.


Also Read: ‘അവതാരകയുടെ കീറിയ ജീന്‍സില്‍ നോക്കിയിരിക്കുന്ന കോഹ്‌ലി’; നവമാധ്യമങ്ങളില്‍ വൈറലായി ഇന്ത്യന്‍ നായകന്റെ ചിത്രം


തല മുണ്ഡനം ചെയ്ത ശേഷമാണ് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം നല്‍കില്ലെന്ന് സെയ്ദ് ഷാ പറയുന്നത്. താന്‍ ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളില്‍ ഒന്ന് മാത്രമേ സോനു നിഗം ചെയ്തിട്ടുള്ളു അതിനാല്‍ പണം നല്‍കാനാകില്ലെന്നാണ് സെയ്ദിന്റെ പുതിയ നിലപാട്. ചെരുപ്പ് മാല അണിഞ്ഞ് നടക്കണമെന്ന കാര്യം കൂടി ചെയ്താല്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്നും സെയ്ദ് പറഞ്ഞു.
നേരത്തെ സ്വയം തല മുണ്ഡനം ചെയ്ത ശേഷം ആ പണം തനിക്ക് നല്‍കണമെന്ന് സോനു നിഗം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സെയ്ദ് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്.

Advertisement