ന്യൂദല്‍ഹി: ആറ് വര്‍ഷമായി ദല്‍ഹി തിഹാര്‍ ജയിലില്‍ വിചാരണത്തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാമിന് വിചാരണ കോടതി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതായി സഹോദരന്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ നാല് മുതല്‍ പത്ത് വരെയാണ് ദല്‍ഹി കര്‍കര്‍ദൂമ കോടതി ഷര്‍ജീലിന് ജാമ്യം അനുവദിച്ചതെന്ന് ഷര്‍ജീലിന്റെ സഹോദരന്‍ മുസമ്മില്‍ ‘എക്‌സ്’ പോസ്റ്റില്‍ അറിയിച്ചു.

ഷര്‍ജീല്‍ ഇമാമിന്റെയും മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെയും സ്ഥിരം ജാമ്യാപേക്ഷകള്‍ ദല്‍ഹി ഹൈക്കോടതി ഈ മാസം 30ന് പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ വിചാരണക്കോടതിയുടെ ഇടക്കാല വിധി. 2020-ലെ ദല്‍ഹി കലാപത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ദല്‍ഹി പൊലീസായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം കോടതി പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാദം കേള്‍ക്കല്‍ മാറ്റിവെച്ചു. അസുഖം കാരണം അടുത്ത തീയതി അനുവദിക്കണമെന്ന് എ.എസ്.ജി ആവശ്യപ്പെടുകയായിരുന്നെന്ന് ഉമര്‍ ഖാലിദിന്റെ മോചനത്തിനായി ആവശ്യപ്പെടുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ അറിയിച്ചിരുന്നു.

ഈ വര്‍ഷം ജനുവരി അഞ്ചിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ സംരക്ഷിത സാക്ഷികളെ വിസ്തരിച്ചതിന് ശേഷമോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷമോ മാത്രമേ ഇരുവരും വീണ്ടും ജാമ്യം തേടാവൂ എന്നും സുപ്രീംകോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവ്.

എന്നാല്‍ ജനുവരിയിലെ സുപ്രീം കോടതി വിധിയില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ഈ വര്‍ഷം മെയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഷര്‍ജീലിനും ഉമറിനും ജാമ്യം നിഷേധിച്ചതെന്നായിരുന്നു ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് മെയില്‍ മറ്റൊരു കേസ് പരിഗണിക്കവെ നിരീക്ഷിച്ചത്.

യു.എ.പി.എ കേസുകളില്‍ വിചാരണക്കുള്ള കാലതാമസം ജാമ്യം നല്‍കാന്‍ മതിയായ കാരണമാണെന്ന് 2021ലെ കെ.എം. നജീബ് കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുണ്ട്. ഈ വിധി ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് മറികടന്നു. കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ നേരത്തെയുള്ള വിധികള്‍ കുറഞ്ഞ അംഗങ്ങളുള്ള ബെഞ്ച് പിന്തുടരേണ്ടതുണ്ടെന്ന് നാഗരത്‌നയുടെയും, ഉജല്‍ ഭുയ്യാന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് ശേഷമാണ് ഉമറും ഷര്‍ജീലും ആദ്യം വിചാരണ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചത്. വിചാരണ കോടതി ഇരുവരുടെയും ജാമ്യാപേക്ഷകള്‍ നേരത്തെ തള്ളിയിരുന്നു. ഇതിന് ശേഷം ഷര്‍ജീലും ഉമറും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Sharjeel Imam gets a breather, granted interim bail for 7 days