സഞ്ജുവിനെ ഭാഗ്യം തുണക്കുന്നു, ഇത് അവന്റെ കരിയറിന് പുതു ജീവന്‍ നല്‍കും: സഞ്ജയ് ബാംഗര്‍
Cricket
സഞ്ജുവിനെ ഭാഗ്യം തുണക്കുന്നു, ഇത് അവന്റെ കരിയറിന് പുതു ജീവന്‍ നല്‍കും: സഞ്ജയ് ബാംഗര്‍
ഫസീഹ പി.സി.
Thursday, 12th February 2026, 5:25 pm

2026 ടി – 20 ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇന്ന് ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് എതിരാളികള്‍. ഈ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഓപ്പണിങ് ബാറ്ററുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

പനിയും വയറുവേദനയും കാരണം ആശുപത്രിയിലായിരുന്നു അഭിഷേക് കളിക്കുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. താരം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ താരത്തിന്റെ പകരക്കാരനായി എത്തുമെന്നും സൂചനകളുണ്ട്.

സഞ്ജയ് ബാംഗര്‍.. Photo: KKR Vibe/x.com

ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍. സഞ്ജുവിന്റെ ഫോം മികച്ചതല്ലെങ്കിലും താരത്തെ ഭാഗ്യം തുണക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെ ടീമിനൊപ്പം ഉണ്ടായിരുന്നത് സഞ്ജുവിന് ഗുണകരമാണെന്നും ഈ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ താരത്തിന്റെ കരിയറിന് അത് ഉണര്‍വാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബാംഗര്‍.

‘ചില സമയങ്ങളിൽ ഭാഗ്യം നിങ്ങളെ തുണക്കും. അതാണ് ഇപ്പോള്‍ സഞ്ജു സാംസണിന് ലഭിച്ചിരിക്കുന്നത്. മുമ്പും അവന്‍ ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. നിലവില്‍ അവന്റെ ഫോം മികച്ചതല്ല. പക്ഷേ, തുടര്‍ച്ചയായി ടീമിനൊപ്പം ഉണ്ടായിരുന്നുവെന്നത് അവന് ഗുണകരമാണ്.

അതിനാല്‍ ഒരു മത്സരം സഞ്ജുവിന്റെ കരിയറിന് പുതു ജീവന്‍ നല്‍കും. ടോപ് ഓര്‍ഡറില്‍ സ്വാഭാവിക ശൈലി പുറത്തെടുക്കാന്‍ സാധിച്ചാല്‍ അത് മികച്ചതാവും. നിരന്തരം ടീമില്‍ തുടരുന്നതിനാല്‍ അവന് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കും,’ ബാംഗര്‍ പറഞ്ഞു.

സഞ്ജു സാംസൺ . Photo: BCCI/x.com

സഞ്ജു മികച്ചൊരു താരമാണെന്നും അഭിഷേക് ഇല്ലെങ്കില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് അവന് അറിയാം. അതിനാല്‍ തന്നെ അവന്‍ വലിയ ആത്മവിശ്വാസത്തിലായിരിക്കും. ടീമിലെ എല്ലാ താരങ്ങള്‍ക്കും അവസരം ലഭിക്കുന്നത് ടീമിന് മികച്ചതാണെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Luck is on Sanju Samson’s side, this will give new life to his career: Sanjay Bangar

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി