വാന്‍ഡറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി-20യില്‍ തകര്‍ത്താടി ഓപ്പണര്‍ ശിഖര്‍ ധവാന്‍. അര്‍ധ സെഞ്ച്വറി നേടിയ ധവാന്റെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്.

39 പന്തില്‍ 72 റണ്‍സുമായി ധവാന്‍ ദക്ഷിണാഫ്രിക്കയെ കണക്കിന് പ്രഹരിക്കുകയായിരുന്നു. പിന്നാലെ വന്ന മനീഷ് പാണ്ഡൈ 27 പന്തില്‍ 29 റണ്‍സുമായും ഹാര്‍ദിക്ക് പാണ്ഡ്യ ഏഴ് പന്തില്‍ 13 റണ്‍സുമായി പുറത്താക്കാതെ നിന്നതോടെ സ്‌കോര്‍ 203 ലെത്തുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ സുരേഷ് റെയ്‌ന മടങ്ങിയെത്തിയപ്പോള്‍ എ ബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് കളിച്ചില്ല.

ഇന്ത്യയ്ക്കായി നായകന്‍ വിരാട് കോഹ് ലി 26 റണ്‍സ് നേടിയപ്പോള്‍ മുന്‍ നായകന്‍ എം.എസ് ധോണി 16 റണ്‍സും നേടി. പോര്‍ട്ടീസിനായി ഡാല രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോറിസും ഷംസിയും ഫെഹ്ലുക്വായോയും ഓരോ വിക്കറ്റുകള്‍ വീതം നേടി.

ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിംഗിന് ആരംഭിച്ചിരിക്കുകയാണ്.