'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം'; ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍, സാധ്യതകള്‍ ഇങ്ങനെ
Football
'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം'; ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍, സാധ്യതകള്‍ ഇങ്ങനെ
ശ്രീരാഗ് പാറക്കല്‍
Monday, 15th June 2026, 8:34 pm

2026 ഫിഫ ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്നത് സ്വപ്‌നതുല്യമായ ഒരു പോരാട്ടത്തിനാണ്. ലോക ഫുട്‌ബോളിന്റെ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ എത്തുന്നത് കാണാനുള്ള അവസാനത്തെ വലിയ അവസരമായാണ് ഇത്തവണത്തെ ലോകകപ്പ്.

നിലവിലെ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ പ്രകാരം ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും തമ്മില്‍ ഏറ്റുമുട്ടാന്‍ സാധ്യതയില്ല. എന്നാല്‍ നോക്കൗട്ട് റൗണ്ടുകളില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യതകളുണ്ട്. ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളില്‍ സമാന സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയും പിന്നീട്  മുന്നേറുകയും ചെയ്താല്‍ റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍ അല്ലെങ്കില്‍ ഫൈനല്‍ മത്സരത്തില്‍ ഇരുവരും തമ്മിലുള്ള സ്വപ്ന പോരാട്ടം സംഭവിക്കാം.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരമത്സരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് മെസി-റൊണാള്‍ഡോ പോരാട്ടം. ക്ലബ്ബ് ഫുട്‌ബോളില്‍ നിരവധി തവണ ഇരുവരും പോരാടിയിട്ടുണ്ടെങ്കിലും ലോകകപ്പ് വേദിയില്‍ അത് ഇതുവരെ സംഭവിച്ചിട്ടില്ല.

ഇതിന് മുമ്പ് 36 തവണയാണ് മെസിയും റൊണാള്‍ഡോയും ഏറ്റുമുട്ടിയത്. അതില്‍ 16 തവണ മെസി വിജയം നേടിയപ്പോള്‍ 11 വിജയമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ഒമ്പത് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.

അതുകൊണ്ടുതന്നെ 2026 ലോകകപ്പ് ഒരു കിരീട പോരാട്ടം മാത്രമല്ല, രണ്ട് ഇതിഹാസങ്ങളുടെ ‘ലാസ്റ്റ് ഡാന്‍സ്’ കാണാനുള്ള ആരാധകരുടെ അവസാന അവസരം കൂടിയാണ്. നിലവില്‍ തങ്ങളുടെ അവസാന ലോകകപ്പാണ് 2026ലേതെന്ന് ഇരുവരും ഏറെ കുറെ ഉറപ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഇരുവരെയും ലോകകപ്പില്‍ അവസാനമായി നേര്‍ക്കുനേര്‍ പോരാടുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

2022 ലോകകപ്പ് കിരീട ജേതാക്കളായ അര്‍ജന്റീന ഇത്തവണയും കളത്തിലിറങ്ങുന്നത് കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. അതേസമം പോര്‍ച്ചുഗലിന് വേണ്ടി ഇതുവരെ ലോകകിരീടം നേടിക്കൊടുക്കാന്‍ സാധിക്കാത്ത റൊണാള്‍ഡോ അവസാനഘട്ടത്തില്‍ ടീമിന് വേണ്ടി കിരീടത്തില്‍ മുത്തമിടാനാണ് കച്ചമുറുക്കുന്നത്.

ജൂണ്‍ 17ന് അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും തങ്ങളുടെ ആദ്യ മത്സരത്തിനെത്തുന്നത്. 17ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഡി.ആര്‍ കോങ്കോയെ നേരിടും.

Content Highlight: Lionel Messi VS Cristiano Ronaldo Match Possibilities In FIFA World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ