ഒരു സംശയവുമില്ല, അവന്‍ തന്നെയാണ് ഏറ്റവും മികച്ച താരം: മെസി
Football
ഒരു സംശയവുമില്ല, അവന്‍ തന്നെയാണ് ഏറ്റവും മികച്ച താരം: മെസി
Sudev A
Tuesday, 12th May 2026, 11:51 am

ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. യമാലിനെ ഈ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്നാണ് മെസി വിശേഷിപ്പിച്ചത്. അഡിഡാസ് നടത്തിയ ഒരു പരിപാടിയിലാണ് മെസി യമാലിനെക്കുറിച്ച് സംസാരിച്ചത്.

‘വളരെ മികച്ച കഴിവുകളുള്ള ഒരു പുതിയ തലമുറ ഫുട്‌ബോളിലുണ്ട്. അവര്‍ക്ക് മുന്നില്‍ ഒരുപാട് വര്‍ഷങ്ങളുണ്ട്. പ്രായം കൊണ്ടും ഇതുവരെ നടത്തിയ പ്രകടനങ്ങള്‍ കൊണ്ടും ഭാവിയില്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള നേട്ടങ്ങള്‍ അനുസരിച്ചും ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ലാമിന്റെ പേര് പറയും. എനിക്ക് ഒരു സംശയവുമില്ല അവന്‍ തന്നെയാണ് ഏറ്റവും മികച്ചത്,’ മെസി പറഞ്ഞു.

2023ലാണ് യമാള്‍ ബാഴ്‌സലോണക്കായി അരങ്ങേറ്റം കുറിക്കുന്നത്. കറ്റാലന്മാര്‍ക്കൊപ്പം തുടക്ക സീസണുകളില്‍ തന്നെ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ യമാലിന് സാധിച്ചിരുന്നു. സ്പാനിഷ് യുവതാരത്തെ പല ഇതിഹാസ താരങ്ങളും മെസിയുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇതിനോടകം തന്നെ ബാഴ്‌സയ്‌ക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ യമാലിന് സാധിച്ചിട്ടുണ്ട്.  ഭാവിയില്‍ ബാഴ്സലോണയില്‍ യമാല്‍ മെസിയുടെ പാരമ്പര്യം പിന്തുടരുമോയെന്നും കണ്ടുതന്നെ അറിയണം.

രാജ്യാന്തര തലത്തിലും മിന്നും പ്രകടനമാണ് യമാല്‍ പുറത്തെടുത്തത്. 2024 യൂറോ കപ്പില്‍ സ്‌പെയ്‌നിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് യമാല്‍. ഈ ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പാനിഷ് യുവതാരം നേടിയത്.

അതേസമയം അടുത്തിടെ ലാമിന്‍ യമാല്‍ ലയണല്‍ മെസിയെ കായികരംഗത്തെ എക്കാലത്തെയും മികച്ച ഇതിഹാസമെന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. പാത പിന്തുടരാന്‍ തനിക്ക് സാധിക്കുമെന്ന പ്രതീക്ഷയും യമാല്‍ പങ്കുവെച്ചിരുന്നു. ലോറന്‍സ് അവാര്‍ഡ്‌സില്‍ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് യമാല്‍ മെസിയെക്കുറിച്ച് സംസാരിച്ചത്.

”ഒരു കായിക താരം അവരുടെ കായിക രംഗങ്ങളില്‍ മാത്രമല്ല എല്ലാ കായിക ഇനങ്ങളുടെയും ഇതിഹാസമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണ്. അദ്ദേഹം എക്കാലത്തെയും മികച്ച കായിക താരമല്ലെങ്കിലും എല്ലാവരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കും.

അദ്ദേഹം ഒരു ആരാധനാപാത്രം മാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും ആളുകള്‍ ബഹുമാനം നല്‍കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. എല്ലാ കുട്ടികളുടെയും ചെറുപ്പകാലങ്ങളില്‍ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” ലാമിന്‍ യമാല്‍ പറഞ്ഞു.

Content Highlight: Lionel Messi Praises Lamine Yamal performance in football

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.