ലിയോ സിനിമയുടെ ഒഫീഷ്യല്‍ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്. നവംബര്‍ 24 മുതല്‍ ചിത്രം ഇന്ത്യയിലെ നെറ്റ്ഫ്‌ളിക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്ത് തുടങ്ങും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും സ്ട്രീം ചെയ്യുക. ഇന്ത്യക്ക് പുറത്തേക്കുള്ള നെറ്റ്ഫ്‌ളിക്‌സ് യൂസേഴ്‌സിന് നവംബര്‍ 28 മുതല്‍ ചിത്രം ലഭ്യമാകും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. തൃഷ നായികയായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ്‌മേനോന്‍, പ്രിയ ആനന്ദ്, മാത്യു തോമസ്, ഇയല്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം 461 കോടി നേടിയിരുന്നു. ഇതോടെ ആദ്യവാരത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് സിനിമ എന്ന റെക്കോഡ് ചിത്രം സ്വന്തമാക്കിയിരുന്നു. 540 കോടിയാണ് ആഗോളതലത്തില്‍ ലിയോ സ്വന്തമാക്കിയത്.

കേരളത്തില്‍ മാത്രം 58 കോടിയാണ് ലിയോ നേടിയത്. ഇതോടെ കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോഡും ലിയോ സ്വന്തമാക്കിയിരുന്നു. രജിനികാന്തിന്റെ ജയിലറിന്റെ റെക്കോഡ് കേരള കളക്ഷനില്‍ മറികടന്നാണ് ദളപതി വിജയ്യുടെ ലിയോ ഒന്നാം സ്ഥാനത്ത് എത്തിയത്. ജയിലര്‍ കേരളത്തില്‍ ആകെ 57 കോടി രൂപയായിരുന്നു നേടിയത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍.

Content Highlight: Leo Movie ott release date out now