ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ കഴിഞ്ഞ 19നാണ് റിലീസ് ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്സോഫീസില്‍ സുനാമി തീര്‍ക്കുകയാണ് ലിയോ. മൂന്ന് ദിവസം കഴിയുമ്പോള്‍ തമിഴിലെ മിക്ക റെക്കോഡുകളും ലിയോ തകര്‍ത്തിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയുടെ 2023ലര്‍ റെക്കോഡ് ആദ്യ ദിന കളക്ഷനുകളില്‍ ഒന്നായിരുന്നു ലിയോക്ക് ലഭിച്ചത്. രണ്ടാം ദിവസവും ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.

ലിയോ ഇതിനോടകം 250 കോടിയിലേറെ രൂപ ലോകമെമ്പാടും നിന്നും സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായുള്ള അവധി ദിവസങ്ങള്‍ മുന്നില്‍ കണ്ട് റിലീസ് ചെയ്തത് സിനിമക്ക് ഗുണം ചെയ്തു.

കേരളത്തിലും സിനിമക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 25 കോടിയോളം രൂപ ചിത്രം മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയതായിട്ടാണ് സിനിമാ ട്രാക്കര്‍മാരുടെ കണക്കുകള്‍. വരും ദിവസങ്ങളിലും ലിയോ ബോക്‌സോഫീസില്‍ വേട്ട തുടരും എന്ന് തന്നെയാണ് കണക്കുകൂട്ടുന്നത്.

അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo movie latest collection update