കശ്മീരില്‍ കോഫി ഷോപ്പ് നടത്തുകയാണ് പാര്‍ത്ഥിപന്‍. ഒപ്പം അയാള്‍ ഒരു അനിമല്‍ റെസ്‌ക്യൂവര്‍ കൂടിയാണ്. ഭാര്യയും രണ്ട് മക്കളുമായി സമാധാനജീവിതം നയിക്കുന്നതിനിടയില്‍ മകളെ രക്ഷിക്കുന്നതിനായി അയാള്‍ക്ക് ഒരു ക്രൈം ചെയ്യേണ്ടി വരുന്നു. തുടര്‍ന്ന് ഒരു കൂട്ടം ഗ്യാങ്‌സ്റ്റേഴ്‌സ് പാര്‍ത്ഥിപന്റെ ജീവിതത്തിലേക്ക് വരികയാണ്. അവരില്‍ നിന്നും തന്റെ കുടുംബത്തെ രക്ഷിക്കാനായി പെടാപ്പാട് പെടുകയാണ് പാര്‍ത്ഥിപന്‍.

അതിമാനുഷികനായി വിജയ് എത്തിയ ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഒരു വ്യത്യസ്തത ലിയോയില്‍ അനുഭവപ്പെടും, ഫസ്റ്റ് ഹാഫ് വരെ. പഞ്ച് ഡയലോഗോ മാസ് ഇന്‍ട്രോ സീനോ ഇല്ലാത്ത സാധാരണക്കാരനായ നായകനാണ് പാര്‍ത്ഥിപന്‍. സന്തോഷവും സങ്കടവും ഭയവുമെല്ലാമുള്ള നായകനും അവന്റെ കുടുംബത്തിനുമൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു. നാളുകള്‍ക്ക് ശേഷം വിജയ് എന്ന നടനെ പ്ലേസ് ചെയ്യുന്ന ചിത്രം കൂടിയായി ലിയോ.

ഉദ്യേഗജനകമായ നിമിഷങ്ങള്‍ സമ്മാനിച്ച് തനി ലോകേഷ് ചിത്രമായി മുന്നേറിയ ലിയോയുടെ ട്രാക്ക് മാറുന്നത് രണ്ടാം ഭാഗത്തിലാണ്. സെക്കന്റ് ഫാഫിന് പിന്നെ ടിപ്പിക്കല്‍ വിജയ് ഫോര്‍മാറ്റിന്റെ ഒരു ഫ്‌ളേവറാണ്. മാസ് സെക്കന്റ് ഇന്‍ട്രോയും പറന്നുള്ള അടിയുമൊക്കെ ഈ പോഷനില്‍ വരുന്നുണ്ട്. അതിനൊപ്പം പോക്കിരി തുപ്പാക്കി റെഫറന്‍സ് കൂടി വന്നതോടെ മൂന്ന് ച്യൂയിംഗം കൂടി വായിലിടാമായിരുന്നു എന്ന് തോന്നി.

വിജയ് ഉള്‍പ്പെടെ എല്ലാവരും കഥാപാത്രം ആവശ്യപ്പെട്ട രീതിയില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. തമിഴിലെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി മാത്യുവും പതറാതെ പെര്‍ഫോം ചെയ്തിട്ടുണ്ട്. മെയ്ന്‍ വില്ലന്മാരെ കൂടി സൈഡാക്കുന്ന പ്രകടനമായിരുന്നു സാന്‍ഡി മാസ്റ്ററിന്റെ സൈഡ് വില്ലന്റേത്.

ഹൈനയുടെ ഭാഗത്തെ വി.എഫ്.എക്‌സ് ഗംഭീരമായപ്പോള്‍ കാര്‍ ചേസിങ് സീനില്‍ പാളിച്ചകളുണ്ടായി. അനിരുദ്ധിന്റെ മ്യൂസിക് പതിവ് പോലെ ചിത്രത്തിന്റെ മാസ് അപ്പീല്‍ വര്‍ധിപ്പിക്കുന്നതായിരുന്നു. അന്‍പറിവിന്റെ ഫൈറ്റ് സീക്വന്‍സുകള്‍ ഒരുപോലെ മാസും വയലന്‍സും നിറഞ്ഞതായിരുന്നു.

ലോകേഷിന്റെ മേക്കിങ്ങിനൊപ്പം വിജയ്‌യുടെ മാസും സ്വാഗും ചേരുമ്പോള്‍ കൈതിയോ വിക്രമോ പോലെ ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷക്ക് വിപരീതമായി ലോകേഷിന്റെ മേക്കിങ്ങിലേക്ക് ടിപ്പിക്കല്‍ വിജയ് ഘടകങ്ങള്‍ കൂട്ടി ചേര്‍ത്ത ഒരു അസംതൃപ്തിയാണ് ലിയോ സമ്മാനിച്ചത്.

Content Highlight: leo movie analyzation