ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളിലൊന്നാണെന്ന് പലരും അഭിപ്രായപ്പെട്ട ചിത്രമാണ് ഡി.സി. സംവിധായകന്‍ ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടിയിരുന്നു. കഴിഞ്ഞദിവസം ഡി.സി ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.

കണ്ടുമടുത്ത സ്ഥിരം കഥയുടെ അതിഗംഭീരമായ അവതരണമാണ് ചിത്രത്തിന്റേത്. റിലീസിന് മുമ്പ് പരാജയമാകുമെന്ന് പലരും വിധിയെഴുതിയ ചിത്രം അതിഗംഭീര വിജയം സ്വന്തമാക്കി. ഡി.സിയുടെ വിജയത്തിന്റെ സന്തോഷത്തില്‍ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍, നായകന്‍ ലോകേഷ്, സംഗീത സംവിധാനം ചെയ്ത അനിരുദ്ധ് എന്നിവര്‍ക്ക് സണ്‍ പിക്‌ചേഴ്‌സിന്റെ ഉടമ കലാനിധി മാരന്‍ ബി.എം.ഡബ്ല്യൂ കാര്‍ നല്‍കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായി. എന്നാല്‍ ചിത്രത്തെ താങ്ങി നിര്‍ത്തിയവരില്‍ ഒരാളായ വാമികക്ക് കാറൊന്നും നല്‍കാത്തതില്‍ പലരും സണ്‍ പിക്‌ചേഴ്‌സിനെ വിമര്‍ശിക്കുകയാണ്.

സ്ത്രീയായയതുകൊണ്ട് ഒതുക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. ഡി.സി എന്ന സിനിമയില്‍ ലോകേഷും അനിരുദ്ധും എത്രമാത്രം പ്രധാനമാണോ അത്രത്തോളം പ്രാധാന്യം വാമികക്കും ഉണ്ടെന്ന് വീഡിയോക്ക് താഴെ കമന്റുകളുണ്ട്. നായകനും സംവിധായകനും കാര്‍ സമ്മാനിക്കുന്ന ക്ലീഷേയില്‍ നിന്ന് നായികയെയും പരിഗണിച്ച് മാറ്റത്തിന് തുടക്കം കുറിക്കാനും ചിലര്‍ നിര്‍ദേശിക്കുന്നു.

ചിത്രത്തിന് വേണ്ടി ഓടിനടന്ന് പ്രൊമോഷന്‍ നല്‍കിയവരില്‍ ഒരാള്‍ വാമികയായിരുന്നെന്നും അവരെ ഒഴിവാക്കിയത് മോശമായെന്നുമെല്ലാമാണ് പ്രധാന കമന്റുകള്‍. സണ്‍ പിക്‌ചേഴ്‌സ് ഇത് ആദ്യമായല്ല സിനിമയുടെ വിജയത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കാര്‍ സമ്മാനിക്കുന്നത്. ജയിലര്‍ ഹിറ്റായ സമയത്ത് രജിനിക്കും അനിരുദ്ധിനും കാര്‍ സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു.

വാമികക്ക് പുറമെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി വേഷമിട്ട സഞ്ജനയെയും കലാനിധി മാരന്‍ അവഗണിച്ചെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ് സിനിമയുടെ പാട്രിയാര്‍ക്കല്‍ ചിന്താഗതിയാണ് ഇതെന്നും പരാതികളുണ്ട്. കാറുകള്‍ വാങ്ങുന്ന പൈസക്ക് പാവങ്ങളെ സഹായിച്ചുകൂടെയെന്ന നന്മമരം കമന്റുകള്‍ക്കും കുറവില്ല.

Content Highlight: Criticism to Sun pictures for not gifting car for Wamiqa Gabbi