മെക്‌സിക്കന്‍ ഇതിഹാസം വിരമിച്ചു; പടിയിറങ്ങുന്നത് അപൂര്‍വ നേട്ടം സ്വന്തമാക്കി
Football
മെക്‌സിക്കന്‍ ഇതിഹാസം വിരമിച്ചു; പടിയിറങ്ങുന്നത് അപൂര്‍വ നേട്ടം സ്വന്തമാക്കി
ശ്രീരാഗ് പാറക്കല്‍
Thursday, 23rd July 2026, 10:34 am

മെക്സിക്കന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഓച്ചോവ വിരമിച്ചു. 41ാം വയസിലാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫുട്‌ബോള്‍ ലോകകപ്പുകളിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് ഒച്ചാവോ.

ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം ആറ് ഫിഫ ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച അപൂര്‍വ താരങ്ങളുടെ ക്ലബ്ബില്‍ ഇടംനേടിയാണ് ഓച്ചോവ ബൂട്ട് അഴിച്ചുവെക്കുന്നത്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിലാണ് ഒച്ചാവോ കളിച്ചത്.

ഗില്ലര്‍മോ ഓച്ചോവ

മെകസിക്കോയ്ക്കായി 150ലധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗ്ലൗസണിഞ്ഞ ഓച്ചോവ, ലോകകപ്പ് വേദിയിലെത്തുമ്പോള്‍ കാണിക്കുന്ന തകര്‍പ്പന്‍ ഫോമിലൂടെയാണ് ‘ലോകകപ്പ് ഇതിഹാസം’ എന്ന വിശേഷണം സ്വന്തമാക്കിയത്.

കോണ്‍കാകാഫ് ഗോള്‍ഡ് കപ്പില്‍ മെക്‌സിക്കോയ്‌ക്കൊപ്പം അഞ്ച് തവണ കിരീടനേട്ടമുണ്ട്. അമേരിക്കന്‍ ക്ലബ്ബുകളിലും യൂറോപ്പില്‍ അയാക്സിയോ, മലാഗ, സ്റ്റാന്‍ഡേര്‍ഡ് ലീജ്, സാ ലെര്‍ണിറ്റാന തുടങ്ങിയ ക്ലബ്ബുകളിലും നീണ്ടകാലം തിളങ്ങിയ ശേഷമാണ് ഇതിഹാസ ഗോള്‍കീപ്പര്‍ കളിമൈതാനങ്ങളോട് വിടപറയുന്നത്.

2014 ബ്രസീല്‍ ലോകകപ്പില്‍ ആതിഥേയരായ ബ്രസീലിനെതിരെ നടന്ന മത്സരത്തില്‍ നെയ്മര്‍ ഉള്‍പ്പെടെയുള്ള വന്‍നിരയുടെ അറ്റാക്കുകളെ തടഞ്ഞുനിര്‍ത്തി നടത്തിയ ആറ് അവിശ്വസനീയ സേവുകള്‍ ഓച്ചോവയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്.

2018 റഷ്യ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന ജര്‍മനിയെ മെക്‌സിക്കോ 1-0ന് അട്ടിമറിച്ച മത്സരത്തിലെ നട്ടെല്ല് ഓച്ചോവയുടെ പ്രകടനമായിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ പോളണ്ടിനെതിരായ മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പെനാല്‍റ്റി തടുത്ത് താരം വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി.

Content Highlight: Legendary Mexican goalkeeper Guillermo Ochoa has retired

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ