ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രൊജക്ടിനെതിരെ വന്‍പ്രതിഷേധം. പ്രൊജക്ടിനെതിരെ പ്രതിഷേധിച്ച പത്ത് പേരെ അറസ്റ്റ് ചെയ്തതിനെതിരെ വെള്ളിയാഴ്ച നടന്ന 12 മണിക്കൂര്‍ ബന്ദിനിടെ സുരക്ഷാസേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരും സേനയും തമ്മിലുള്ള സംഘര്‍ഷം ശനിയാഴ്ചയും തുടര്‍ന്നു.

ഒക്ടോബര്‍ ഒമ്പതിന് അറസ്റ്റിലായ പത്ത് പേരില്‍ നാലുപേര്‍ക്കെതിരെ അരുണാചല്‍ പ്രദേശ് യു.എ.പി.എ ചുമത്തിയിട്ടുണ്ട്. ആദി സമൂഹത്തിലുള്ള കര്‍ഷകരുടെ സംഘടനയായ സിയാങ് ഇന്‍ഡിജിനസ് ഫാര്‍മേഴ്‌സ് ഫോറം അംഗങ്ങളാണ് ഇവര്‍

ശനിയാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷം വഷളായതാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ എന്‍.എച്ച്.പി.സിയുടെ പ്രാദേശിക ഓഫീസിന് തീയിട്ടതായും പാസിഘട്ട് പൊലീസ് സ്റ്റേഷന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

ആവശ്യങ്ങള്‍ ഉന്നയിച്ച യുവാക്കള്‍ സമാധാനപരമായി ഒത്തുകൂടിയ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകപ്രയോഗം നടത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്ന് സംഭവസ്ഥലത്തുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിയാങ് പ്രൊജക്ടിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് സമീപനം മാറ്റണമെന്നും അറസ്റ്റ് ചെയ്ത യുവാക്കളെ ഉടന്‍ വിട്ടയക്കണമെന്നും അരുണാചല്‍ ഫ്രോണ്ടിയര്‍ ട്രൈബല്‍ ഫ്രണ്ട് ചെയര്‍മാന്‍ തദക് നാലൊ പറഞ്ഞു. സിയാങ് ബെല്‍റ്റില്‍ നിന്ന് സുരക്ഷാസേനയെ പിന്‍വലിക്കുകയും ചെയ്യണമെന്നും അല്ലാത്ത പക്ഷം സംസ്ഥാനതലസ്ഥാനത്ത് ജനാധിപത്യപരമായ സമരപരമ്പരകളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ആശങ്കയുണ്ടെന്നും സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ശനിയാഴ്ച അറിയിച്ചു. പദ്ധതിയുടെ നേട്ടങ്ങള്‍, പ്രതികൂല പ്രത്യാഘാതങ്ങള്‍, പ്രദേശവാസികളുടെ ആശങ്കകള്‍ എന്നിവ പരിശോധിക്കാന്‍ പ്രതിഷേധം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിയാങ്, അപ്പര്‍ സിയാങ്, ഈസ്റ്റ് സിയാങ് ജില്ലകളില്‍ വൈദ്യുതപദ്ധതിക്കെതിരെ വെള്ളിയാഴ്ച ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പൊതുവേ സമാധാനപരമായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഖണ്ഡു പറഞ്ഞു. എന്നാല്‍, ബന്ദ് അവസാനിച്ചതിനു പിന്നാലെ പാസിഘട്ടില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും ശനിയാഴ്ച പുലര്‍ച്ചെ 3.30 വരെ തുടരുകയും ചെയ്‌തെന്നും പ്രസ്താവനയില്‍ പറയുന്നു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നശീകരണ പ്രവര്‍ത്തനങ്ങളും തീവെപ്പും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാസിഘട്ട്, മെബോ, റുക്‌സിന്‍ മേഖലകളില്‍ പൊതുയോഗങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), 2023ലെ 163ാം വകുപ്പ് പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlight: Many injured as Arunachal’s peaceful anti-dam protest turns violent