ലയണല്‍ മെസിയോ ലാമിന്‍ യമാലോ ബാലണ്‍ ഡി ഓര്‍ നേടിയാല്‍ തനിക്ക് ഒരുപോലെ സന്തോഷമാകുമെന്ന് മുന്‍ ബാഴ്‌സലോണ താരം സെര്‍ജി റോബര്‍ട്ടോ. മെസി എല്ലാ വര്‍ഷവും ഈ പുരസ്‌കാരം അര്‍ഹിക്കുന്ന താരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഈ സീസണിലെ അസാധാരണ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യമാലും ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

‘ലിയോ മെസിയോ ലാമിന്‍ യമാലോ ബാലണ്‍ ഡി ഓര്‍ നേടിയാല്‍ എനിക്ക് വളരെയധികം സന്തോഷമാകും. കാരണം, കഴിഞ്ഞ ലോകകപ്പില്‍ ലിയോ പുറത്തെടുത്ത പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അര്‍ജന്റീനയെ ഫൈനല്‍ വരെ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

എന്റെ അഭിപ്രായത്തില്‍, ലിയോ കളിക്കാന്‍ തുടങ്ങിയതുമുതല്‍ എല്ലാ വര്‍ഷവും ബാലണ്‍ ഡി ഓര്‍ അദ്ദേഹത്തിന് തന്നെയായിരിക്കും ഞാന്‍ നല്‍കുക. കാരണം, ഓരോ വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്നാല്‍ മെസിക്ക് ബാലണ്‍ ഡി ഓര്‍ ലഭിച്ചില്ലെങ്കില്‍, ലാമിന്‍ യമാലിന് അത് അര്‍ഹിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ബാഴ്‌സലോണയില്‍ ലാമിനെപ്പോലൊരു താരത്തെ ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. ഈ സീസണില്‍ അദ്ദേഹം അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഞാന്‍ വിശ്വസിക്കുന്നു.

ലാമിന്‍ യമാല്‍ നേടിയാലും ലിയോ മെസി നേടിയാലും എനിക്ക് ഒരുപോലെ സന്തോഷമായിരിക്കും. എന്നാല്‍ ഇത്തവണ ലാമിന് പുരസ്‌കാരം നേടാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം അത് സ്വന്തമാക്കിയാല്‍ എനിക്ക് അതിയായ സന്തോഷമാകും,’ സ്പാനിഷ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ബാഴ്‌സലോണയിലൂടെ ലോകഫുട്‌ബോളിന്റെ ശ്രദ്ധയാകര്‍ഷിച്ച യുവ താരം യമാല്‍ ലോക കരീടം നേടി ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. 2026ലെ ലോകകപ്പ് ഫൈനലില്‍ മെസിയുടെ അര്‍ജന്റീനയ്ക്കെതിരെയാണ് സ്‌പെയ്ന്‍ കിരീടമുയര്‍ത്തിയത്.മെസിയും ലാമിന്‍ യമാലും

തുടര്‍ച്ചയായി അര്‍ജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിച്ച മെസി അടുത്തിടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും പ്രായത്തെ വെല്ലുന്ന പോരാട്ടമാണ് മെസി ക്ലബ്ബ് ഫുട്‌ബോളില്‍ കാഴ്ചവെക്കുന്നത്.

അതേസമയം യുവ താരം ലാമിന്‍ യമാലും ബാഴ്‌സയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് നടത്തുന്നത്. ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ് ഇതിഹാസം ലയണല്‍ മെസിയും ലാമിന്‍ യമാലും.

Content Highlight: Sergi Roberto believes both Lionel Messi and Lamine Yamal deserve the Ballon d’Or