'ഇരട്ടത്താപ്പിന്റെ നേതാവ്' പ്രതിപക്ഷ നേതാവിനെതിരെ അഞ്ച് മന്ത്രിമാര്‍; ഇത്ര ഭയമാണോ എന്ന് തിരിച്ചടിച്ച് വി.ഡി. സതീശന്‍
Kerala
'ഇരട്ടത്താപ്പിന്റെ നേതാവ്' പ്രതിപക്ഷ നേതാവിനെതിരെ അഞ്ച് മന്ത്രിമാര്‍; ഇത്ര ഭയമാണോ എന്ന് തിരിച്ചടിച്ച് വി.ഡി. സതീശന്‍
അനിത സി
Wednesday, 4th February 2026, 4:52 pm

തിരുവനന്തപുരം: നിയമസഭയില്‍ ശ്രദ്ധേയമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെയുള്ള മന്ത്രിമാരുടെ നീക്കം. അഞ്ച് മന്ത്രിമാരാണ് പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് പ്രസംഗിച്ചത്.

മനസിന്റെ സമനിലതെറ്റിയ വ്യക്തിയാണ് വി.ഡി സതീശനെന്ന് മന്ത്രി പി. രാജീവ് വിമര്‍ശിച്ചു. ‘ഞാന്‍, ഞാന്‍, ഞാന്‍ എന്ന ഒറ്റൊരു വികാരത്തിനകത്ത് അടിപ്പെട്ടുകിടന്ന്
നിലതെറ്റിയ അവസ്ഥയിലേക്ക് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയത് ദുഖകരമാണ്’, എന്നായിരുന്നു പി. രാജീവിന്റെ വാക്കുകള്‍.

നിയമസഭയില്‍ ഇന്നലെ ന്യായീകരിച്ചത് കൂടാതെ, ഇപ്പോള്‍ വീണ്ടും വന്ന് ന്യായീകരിക്കുന്നത് ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് ഇരട്ടത്താപ്പ്. പ്രതിപക്ഷനേതാവ് ഇരട്ടത്താപ്പിന്റെ നേതാവായി മാറിയെന്ന് മന്ത്രി എം.ബി രാജേഷ് കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിനൊപ്പം ഐക്യപ്പെടുകയാണ് പ്രതിപക്ഷമെന്നും പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്കൊപ്പം ചായ സത്ക്കാരത്തില്‍ പങ്കെടുത്തത് ചൂണ്ടിക്കാണിച്ച് മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.

എന്നാല്‍, ഇരട്ടത്താപ്പ് ഭരണപക്ഷത്തിന്റെതാണെന്നും ഡയസില്‍ കയറി കമ്പ്യൂട്ടറടക്കം വലിച്ചെറിഞ്ഞവരെ കൂടെയിരുത്തിയാണ് ഇവര്‍ ഇരട്ടത്താപ്പിനെ കുറിച്ച് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത, ബി.ജെ.പി മന്ത്രി അനുരാഗ് ഠാക്കൂര്‍ സുഹൃത്താണെന്ന് പറഞ്ഞ, അദ്ദേഹത്തിന്റെ കൂടെയുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എം.ബി രാജേഷിന്റേതാണ് ഇരട്ടത്താപ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടുതല്‍ തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും വി.ഡി. സതീശന്‍ സഭയില്‍ മറുപടി നല്‍കി.

താന്‍ അനുരാഗിനെ ചേര്‍ത്ത് നിര്‍ത്തി പോസ്റ്റ് പങ്കിട്ടത് തെറ്റാണെങ്കില്‍ ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍വെച്ച് കെട്ടിപ്പിടിച്ചത് പ്രതിപക്ഷത്തിന്റെ നേതാവായ രാഹുല്‍ ഗാന്ധിയാണെന്ന് എം.ബി രാജേഷും തിരിച്ചടിച്ചു. ഫോട്ടോ പങ്കുവെയ്ക്കുന്നത് അത്ര തെറ്റല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാ തോന്നിവാസങ്ങളെ ന്യായീകരിക്കുന്ന വ്യക്തിയായി പ്രതിപക്ഷ നേതാവ് മാറിയെന്നാണ് വി.ഡി. സതീശനെതിരെ മന്ത്രി വി. ശിവന്‍കുട്ടിയും ആക്ഷേപമുന്നയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ച യു.എസ്- ഇന്ത്യ വ്യാപാര കരാറിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകാതെയും മറ്റ് അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതെയും പ്രതിപക്ഷനേതാവ് ശ്രദ്ധ തന്നിലേക്ക് കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വിമര്‍ശനം.

കേന്ദ്രത്തിന്റെ കേരളത്തിനോടുള്ള നിലപാടിനെതിരെ പ്രമേയം പാസാക്കാന്‍ സമ്മതിക്കാതെ കനഗോലുവിന്റെ നിര്‍ദേശം അനുസരിച്ചുള്ള കേന്ദ്രത്തോടുള്ള ഐക്യപ്പെടലാണ് പ്രതിപക്ഷം നടത്തുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജനും വിമര്‍ശിച്ചു.

ചോദ്യത്തരവേളയില്‍ ചോദ്യങ്ങളുന്നയിക്കാതെ കടുത്ത വാക്‌പോരാണ് നടന്നത്. ഒടുവില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.

വ്യക്തിപരമായി മന്ത്രി രാജീവ് തന്നെ അധിക്ഷേപിച്ചെന്ന് നിയമസഭയില്‍ നിന്നും പുറത്തെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തെല്ലാം പറഞ്ഞാണ് അധിക്ഷേപിച്ചത്. അദ്ദേഹത്തിന്റെ മനസില്‍ തന്നെ കുറിച്ചുണ്ടായിരുന്ന കാര്യങ്ങളാണ് സഭയില്‍ വെച്ച് പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടാതെ, തന്നെ ഇത്രമാത്രം ഭരണപക്ഷം ഭയപ്പെടുന്നുണ്ടെന്നാണ് ഇതില്‍ നിന്നും തനിക്ക് വ്യക്തമായെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight: ‘leader of double standards’; Five ministers against opposition leader VD Satheesan

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍