kunjalikkuttyuകൊച്ചി: സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജുമായി മുസ്‌ലിം ലീഗിന് ഒരു ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സൂരജിനെതിരായ അഴിമതിയാരോപണം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൂരജ് എന്നല്ല, അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥരുമായും ലീഗിന് ബന്ധമില്ല. ലീഗിന് മാനസപുത്രനോ മാനസപുത്രിയോ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏറണാകുളത്ത് യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

ലീഗുമായി ടി.ഒ സൂരജിന് ബന്ധമുണ്ടെന്നത് മാധ്യമസൃഷ്ടിമാത്രമാണ്. ടി.ഒ സൂരജ് വിഷയത്തില്‍ ഇബ്രാഹിം കുഞ്ഞ് പങ്കുവെച്ചത് അദ്ദേഹത്തിന്റെ വികാരം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സൂരജിനെതിരെ വിജിലന്‍സ് റെയ്ഡ് തുടരുന്ന സമയത്ത് അദ്ദേഹത്തിനെ സംരക്ഷിക്കില്ലെന്ന് നിലപാടുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് രംഗത്തെത്തിയിരുന്നു.

ഏത് മുന്നണി ഭരിക്കുമ്പോഴും സൂരജ് ഉയര്‍ന്ന പദവിയില്‍ ഇരുന്നിട്ടുണ്ടെന്നും സൂരജ് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും അദ്ദേഹത്തെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞത്.

മുസ്‌ലിം ലീഗിന്റെ സ്വന്തക്കാരനായാണ് ടി.ഒ സൂരജ് അറിയപ്പെടുന്നത്. 2001 മുതല്‍ ടി.ഒ സൂരജ് ജോലി ചെയ്തത് കൂടുതലും മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് കീഴിലായിരുന്നു. സൂരജിന്റെ സംരക്ഷകരായിരുന്നതും ലീഗിലെ പ്രധാനികളാണ്.

ലീഗ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന് കീഴില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി തുടരുന്നതിനിടെയാണ് സൂരജിനെതിരെ വിജിലന്‍സ് അന്വേഷണം വന്നത്. കരാറുകാരുടെ പരാതിയും എഞ്ചിനീയര്‍മാരുടെ മൊഴിയുമൊക്കെയുമായി എല്ലാ വിവരങ്ങളും ശേഖരിച്ചാണ് സൂരജിനെതിരായ ഓപ്പറേഷന് വിജിലന്‍സ് ഇറങ്ങിയത്.

രാഷ്ട്രീയമായി അടവുകള്‍ക്ക് ലീഗ് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന വേളയിലാണ് ലീഗ് നേതാക്കളുടെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനെതിരായ വിജിലന്‍സിന്റെ അതിശക്തമായ നടപടി.