വലിയ സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ട് താന്‍ വലിയ സംഭവമാണെന്ന് കരുതരുത് എന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു താരം. സിനിമയുടെ അവസാനം ജഡ്ജി പ്രാവിനെയും കൊണ്ട് തിരിച്ച് പോകുന്നത് പ്രതീകാത്മകമായി ചിത്രീകരിച്ചതാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘നിങ്ങള്‍ക്കൊക്കെ എന്നെക്കുറിച്ച് ഇപ്പോള്‍ ഒരു തെറ്റിദ്ധാരണയുണ്ട്.ഞാന്‍ വലിയ വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ കരുതരുത് ഞാന്‍ വലിയ സംഭവമാണെന്ന്. സിനിമയുമായി ബന്ധപ്പെട്ട് ഇത്തരം വിശാലമായ ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കരുത്.

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ്, പിന്നെ ഒ.ടി.ടിയിലും വന്നപ്പോഴാണ് ഇതിലെ പലകാര്യങ്ങളെ കുറിച്ചും ഞാന്‍ പോലും മനസിലാക്കുന്നത്. ഒ.ടി.ടിയില്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ മിക്കവാറും പ്രിയയും മോനുമൊക്കെ വീട്ടിലിരുന്ന് ആ സിനിമ കാണുമായിരുന്നു.

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രിയ എന്നോട് ഒരു കാര്യം പറഞ്ഞത്. സിനിമയില്‍ ഒരാളെ ടെമ്പോ ഇടിച്ചിട്ട് പോകുന്ന സീനുണ്ടായിരുന്നല്ലോ. ആ വണ്ടിയുടെ പുിറകില്‍ ഹാന്‍ഡ്‌സം(handsome) എന്ന് എഴുതിയിട്ടുണ്ട്. സുന്ദരന്‍ എന്നാണ് അതിന്റെ അര്‍ത്ഥം. സിനിമയില്‍ അത് ഉപയോഗിച്ചിരിക്കുന്നത് ഹാന്‍സ് വില്‍്ക്കുന്നയാള്‍ എന്ന അര്‍ത്ഥത്തിലാണെന്ന്.

അപ്പോള്‍ ഞാന്‍ പ്രിയയോട് ചോദിച്ചു, ശരിക്കും അങ്ങനെ ആണോ എന്ന്. അങ്ങനത്തെ കുറേ കുറേ കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും കണ്ട് പഠിച്ച് വരുന്നതേയുള്ളു. ഇതിന്റെ ഉത്തരം എന്തായാലും ഞാന്‍ ഡയറക്ടറോട് ചോദിച്ച് മനസിലാക്കാം. ഇനി ഇങ്ങനെയുള്ള ചോദ്യമൊന്നും എന്നോട് ചോദിക്കരുത്. ചോദ്യങ്ങളുടെ ലിസ്റ്റ് എഴുതി എന്റെ കയ്യില്‍ തന്നാല്‍ മതി. നിങ്ങള്‍ എന്നെ പബ്ലിക്കായി ഇങ്ങനെയിരുത്തി അപമാനിക്കരുത്; ചിരിച്ചുകൊണ്ട് പറഞ്ഞു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് 2022 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന് പുറമേ ഗായത്രി ശങ്കര്‍, രാജേഷ് മാധവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോ ബോബനെ കൂടാതെ ദിവ്യ പ്രഭയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്.ബുസാന്‍ ചലച്ചിത്ര മേള, ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയില്‍ പ്രദര്‍ശത്തിനെത്തിയ ചിത്രമാണിത്. ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

content highlight:kunchacko boban talks about nna thaan case kodu cinema