നായകനായി അഭിനയിച്ച ആദ്യചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കിയ മലയാളത്തിലെ ആദ്യതാരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച കുഞ്ചാക്കോ ബോബന്‍ ചോക്ലേറ്റ് ഹീറോയായാണ് പ്രേക്ഷകമനസില്‍ ഇടംപിടിച്ചത്. റൊമാന്റിക് ഹീറോ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങിയതോടെ താരം തന്റെ ട്രാക്ക് മാറ്റി.
ഓരോ സിനിമയിലും തന്നിലെ നടന് പരമാവധി വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുകയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍. നായകവേഷം മാത്രം ചെയ്യാതെ സഹനടനായും ഗ്രേ ഷെയ്ഡുള്ള വേഷങ്ങളും ധൈര്യപൂര്‍വം തെരഞ്ഞെടുക്കുകയാണ് അദ്ദേഹം. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ഒരു ദുരൂഹസാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്‍ എന്ന നടനെ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉന്മാദം റിലീസിന് തയാറെടുക്കുകയാണ്. ഉന്മാദത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബന്‍ നല്‍കുന്ന അഭിമുഖങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. സംവിധാനത്തിലേക്ക് കടക്കാന്‍ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് താരം മറുപടി നല്‍കിയത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംവിധാനം ചെയ്യാന്‍ പ്ലാനുണ്ടോ എന്ന് ചോദിച്ചാല്‍ ‘ഒരിക്കലുമില്ല’ എന്നേ പറയാനുള്ളൂ. കാരണം, അത് നല്ല പണിയുള്ള പണിയാണ്. ഇഗ്നോറന്‍സ് ഈസ് ബ്ലിസ് എന്ന് പറയുന്നതുപോലെയാണ്. ഇതിനെക്കുറിച്ച് വലിയ ഗ്രാഹിയൊന്നുമില്ലാത്ത സമയത്ത്, കുറച്ചുനാള്‍ മുമ്പായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ സംവിധാനത്തിലേക്ക് ഇറങ്ങിയേനെ.
പക്ഷേ, സിനിമയിലേക്ക് കുടുതലായി ഇന്‍വോള്‍വായപ്പോഴാണ് അത് എത്രമാത്രം പ്രയാസമാണെന്ന് മനസിലായത്. ഞാനൊക്കെ ചെയ്യാന്‍ നോക്കിയാല്‍ പാളാന്‍ നല്ല സാധ്യതയുണ്ട്. അതുകൊണ്ട് സംവിധാനം എന്ന പരിപാടിയിലേക്ക് ഇനി ഒരിക്കലും കടക്കില്ല. ഉന്മാദത്തിന്റെ സംവിധായകന്‍ കിരണ്‍ ദാസ് ഈ സിനിമക്ക് വേണ്ടിയെടുത്ത പണിയൊക്കെ ഞാന് കണ്ടതാണ്. ഒട്ടും എളുപ്പമല്ല അത്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
എഡിറ്ററെന്ന നിലയില്‍ കഴിവ് തെളിയിച്ച കിരണ്‍ ദാസ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് ഉന്മാദം. ഷാഹി കബീറിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലറാണെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. ലിജോമോള്‍ ജോസ്, സാബുമോന്‍, സുധീഷ്, കിരണ്‍ പീതാംബരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Kunchacko Boban saying he never step into direction