മുംബൈയില്‍ കാര്യങ്ങള്‍ മാറണമെങ്കില്‍ അദ്ദേഹം ക്യാപ്റ്റനാകണം; തുറന്ന് പറഞ്ഞ് ക്രിസ് ശ്രീകാന്ത്
Cricket
മുംബൈയില്‍ കാര്യങ്ങള്‍ മാറണമെങ്കില്‍ അദ്ദേഹം ക്യാപ്റ്റനാകണം; തുറന്ന് പറഞ്ഞ് ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Monday, 23rd March 2026, 2:07 pm

ഐ.പി.എല്ലിലെ സൂപ്പര്‍ ടീമായ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവ് നയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഹാര്‍ദിക് പാണ്ഡ്യ കഴിവുള്ള ഒരു നേതാവാണെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ടീമില്‍ രണ്ട് ടി-20 ലോകകപ്പ് നേടിയ ക്യാപ്റ്റന്മാരുണ്ടെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി.

അതിനാല്‍ പുറത്ത് നിന്നുള്ള ഒരാളുടെ അഭിപ്രായത്തില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.

‘കാര്യങ്ങള്‍ മാറുമോ എന്നറിയാന്‍ ഈ വര്‍ഷം മുംബൈയെ നയിക്കാന്‍ ഫ്രാഞ്ചൈസി സൂര്യയോട് ആവശ്യപ്പെടണം. സൂര്യയെ എപ്പോള്‍ വേണമെങ്കിലും ക്യാപ്റ്റനാക്കാം, എന്നാല്‍ അത് ഉടനെ പ്രഖ്യാപിക്കേണ്ട കാര്യമില്ല. ഇതൊരു രസകരമായ സാഹചര്യമാണ്.

ഹര്‍ദിക് പാണ്ഡ്യ കഴിവുള്ള ഒരു നേതാവാണ്, പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ ടീമില്‍ രണ്ട് ടി-20 ലോകകപ്പ് നേടിയ ക്യാപ്റ്റന്മാരുണ്ട്. ടീം മാനേജ്‌മെന്റ് കണ്ടെത്തേണ്ട കാര്യമാണിത്. പുറത്തുനിന്നുള്ള ഒരാളുടെ കാഴ്ചപ്പാടില്‍ സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാമെന്ന് തോന്നുന്നു, ഫ്രാഞ്ചൈസിയാണത് തീരുമാനിക്കേണ്ടത്,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.സൂര്യകുമാര്‍ യാദവ്

ഹര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ട്രേഡ് ചെയ്താണ് മുംബൈയില്‍ ക്യാപ്റ്റനായി എത്തിക്കുന്നത്. ഇതോടെ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി എടുത്തുകളഞ്ഞായിരുന്നു പാണ്ഡ്യയെ വരവേറ്റത്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ മുംബൈക്ക് ഹര്‍ദിക്കിന്റെ കീഴില്‍ മുന്നേറാന്‍ സാധിച്ചിട്ടില്ല.

2024ലെ ടി-20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുത്ത പരിജയസമ്പന്നനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, 2026ലെ ടി-20 ലോകകപ്പ് നേടിയ സൂര്യകുമാര്‍ യാദവും ടീമിലുള്ളപ്പോള്‍ ഫ്രാഞ്ചൈസി ക്യാപ്റ്റന്‍സിയില്‍ മാറ്റങ്ങള്‍ വരുത്തുമോ എന്ന് കണ്ടറിയണം.

അതേസമയം ഐ.പി.എല്‍ മാര്‍ച്ച് 28 മുതലാണ് കൊടിയേറുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ് ഈ സീസണിന് തിരശീലയുയരുക.
ആരാധകരുടെ ഇഷ്ട ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മത്സരം മാര്‍ച്ച് 29ന് വാംഖഡെയില്‍ വെച്ച് നടക്കും. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയാണ് എതിരാളികള്‍.

Content Highlight: Kris Srikkanth Talking About Suryakumar Yadav

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ