ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുത്തതിലൂടെ വിജയം ചെന്നൈയ്ക്ക് തളികയില്‍ വെച്ച് നീട്ടുകയായിരുന്നുവെന്നും എന്നാല്‍, സഞ്ജു മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറില്‍ തന്നെ പകച്ച് പോയെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു സ്‌കോര്‍ ചെയ്യാത്ത മത്സരങ്ങളില്‍ സി.എസ്.കെ ഒന്നുമല്ലാതാകുന്നെന്നും മലയാളി താരം തിളങ്ങുമ്പോള്‍ മാത്രമാണ് ചെന്നൈ കിങ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത്. Photo: Cricket Central/x.com
‘ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തതിലൂടെ ഗുജറാത്ത് വിജയം ചെന്നൈയ്ക്ക് തളികയില്‍ വെച്ച് നീട്ടുകയായിരുന്നു. എന്നാല്‍, മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറില്‍ തന്നെ സഞ്ജു സാംസണ്‍ ആകെ പകച്ചുപോയി. അത് അവനെ വല്ലാതെ തളര്‍ത്തി. കഗീസോ റബാദ വേഗത്തില്‍ പന്തെറിഞ്ഞ് സമ്മര്‍ദപ്പെടുത്തിയതോടെ അവന് ഏകാഗ്രതയും നഷ്ടമായി. പിന്നാലെ മോശം ഷോട്ട് കളിച്ച് അവന്‍ പുറത്താവുകയും ചെയ്തു.
സഞ്ജു സ്‌കോര്‍ ചെയ്താല്‍ മാത്രം സി.എസ്.കെ ജയിക്കുകയുള്ളൂവെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. അവനില്ലെങ്കില്‍ ടീം ഒന്നുമല്ലാതാകുന്നു. അവന്‍ തിളങ്ങുമ്പോള്‍ മാത്രമാണ് അവര്‍ കിങ്സ് ആകുന്നുള്ളൂ. സഞ്ജു കളിക്കുമ്പോള്‍ മാത്രം ജയിക്കുന്നുവെന്ന സ്ഥിതി മാറേണ്ടതുണ്ട്,’ ശ്രീകാന്ത് പറഞ്ഞു.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ഐ.പി.എല്‍ 2026ല്‍ ഇതുവരെ ചെന്നൈ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിച്ചിട്ടുളളത്. ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരെയാണ് ടീം മുട്ടുകുത്തിച്ചത്. ഈ മൂന്ന് മത്സരങ്ങളിലും സഞ്ജുവായിരുന്നു ടോപ് സ്‌കോറര്‍.
ദല്‍ഹിക്കെതിരെ സെഞ്ച്വറിയടിച്ചാണ് സഞ്ജു ടീമിന് ആദ്യ വിജയം സമ്മാനിച്ചത്. കൊല്‍ക്കത്തക്കെതിരെ താരം 48 റണ്‍സും നേടി. മുംബൈക്കെതിരെയും വിക്കറ്റ് കീപ്പര്‍ സെഞ്ച്വറിയടിച്ചപ്പോള്‍ ചെന്നൈ വിജയിച്ചു. മറ്റ് മത്സരങ്ങളില്‍ മലയാളി ബാറ്റര്‍ പരാജയപ്പെട്ടപ്പോള്‍ ചെന്നൈയും തോല്‍വി വഴങ്ങിയിരുന്നു.
Content Highlight: Kris Srikkanth says CSK only winning if Sanju Samson score, otherwise Chennai are dusted