ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വേസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്
Cricket
ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വേസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Saturday, 18th April 2026, 12:56 pm

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പരാജയത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയെയും വൈസ് ക്യാപ്റ്റന്‍ റിങ്കു സിങ്ങിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. അജിന്‍ക്യ രഹാനെയും റിങ്കു സിങ്ങും പൂര്‍ണമായും ഫോം ഔട്ടാണെന്നും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇത്രയും മോശം പ്രകടനം നടത്തുമ്പോള്‍ ടീം എങ്ങനെ നന്നായി കളിക്കുമെന്നും ശ്രീകാന്ത് ചോദ്യമുയര്‍ത്തി.

‘കൊല്‍ക്കത്ത 200 റണ്‍സ് നേടേണ്ടതായിരുന്നു, ഒരുപക്ഷേ അവര്‍ക്ക് മത്സരം ജയിക്കാന്‍ കഴിയുമായിരുന്നു. അവസാന അഞ്ച് ഓവറുകളില്‍ അവര്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. അജിന്‍ക്യ രഹാനെയും റിങ്കു സിങ്ങും പൂര്‍ണമായും ഫോം ഔട്ടാണ്.

അവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. നിങ്ങളുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇത്രയും മോശം പ്രകടനം നടത്തുമ്പോള്‍ ടീം എങ്ങനെ നന്നായി കളിക്കും? സുനില്‍ നരെയ്‌നെ അവര്‍ ലോവര്‍ ഓര്‍ഡറില്‍ ഇറക്കുന്നു. അവിടെയാണ് അവര്‍ക്ക് വലിയ തെറ്റ് സംഭവിക്കുന്നത്,’ ക്രിസ് ശ്രീകാന്ത് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ

അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ നടന്ന മത്സരത്തിലും കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ ഐ.പി.എല്‍ സീസണില്‍ ആദ്യ ആറ് മത്സരങ്ങളില്‍ വിജയമില്ലാത്ത ടീമാകുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണില്‍ അഞ്ചാം തോല്‍വിയാണ് കൊല്‍ക്കത്ത വഴങ്ങുന്നതെങ്കിലും പഞ്ചാബിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ ഇരുവരും ഓരോ പോയിന്റ് പങ്കിട്ടെടുക്കുകയായിരുന്നു.

സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും സ്വന്തമാക്കാന്‍ സാധിക്കാതെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയുടെയും റിങ്കു സിങ്ങിന്റെയും ഫോം മങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിരുന്നു.വൈസ് ക്യാപ്റ്റന്‍ റിങ്കു സിങ്


ആറ് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 152 റണ്‍സാണ് രഹാനെയുടെ പക്കലുള്ളത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ രഹാനെ ഗോള്‍ഡന്‍ ഡക്കായിരുന്നു. ഒരു റണ്‍സ് നേടിയാണ് റിങ്കു പുറത്തായത്. ആറ് മത്സരത്തില്‍ നിന്ന് 67 റണ്‍സാണ് താരത്തിനുള്ളത്.

ഏപ്രില്‍ 19നാണ് അജിന്‍ക്യ രഹാനെയും സംഘവും തങ്ങളുടെ അടുത്ത പോരാട്ടത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

Content Highlight: Kris Srikkanth Criticize Ajinkya Rahane And Rinku Singh

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ