എഡിറ്റര്‍
എഡിറ്റര്‍
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വ്യാഴാഴ്ച വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
എഡിറ്റര്‍
Tuesday 2nd October 2012 11:00am

മുംബൈ: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച വരെ സര്‍വീസുകള്‍ റദ്ദാക്കിയതായി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്കിനെതുടര്‍ന്ന് ഭൂരിഭാഗം സര്‍വീസുകളും തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.

Ads By Google

ദല്‍ഹിയില്‍ മാത്രം പതിനഞ്ച് സര്‍വീസുകളാണ് റദ്ദാക്കിയത്. ചെന്നൈയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഈസാഹചര്യത്തിലാണ് താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്.

വാര്‍ത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ നിയമം കൈയ്യിലെടുക്കുകയാണെന്നും സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നില്‍ക്കുന്ന കമ്പനിയെ ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. ശമ്പള കുടിശിക ആവശ്യപ്പെട്ട് എന്‍ജിനീയര്‍മാര്‍ നടത്തി വന്ന സമരത്തില്‍ ഒരു വിഭാഗം പൈലറ്റുമാരും ചേര്‍ന്നതോടെയാണ് ഇന്നലെ മുതല്‍ കിങ്ഫിഷര്‍ സര്‍വീസുകള്‍ മുടങ്ങിയത്.

നിയമനടപടികളിലേക്ക് നീങ്ങുന്നതിന് മുന്‍പ് സമരം ചെയ്യുന്നവരെ തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരാനുള്ള തീരുമാനത്തിലാണ് കമ്പനി. സമരം ചെയ്യുന്നവരുടെ പ്രതിനിധികള്‍ ഇന്നലെ കമ്പനി സി.ഇ.ഒ സഞ്ജയ് അഗര്‍വാളുമായി രണ്ടര മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സംഭവത്തെക്കുറിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുന്‍പ് വിമാനത്തിന് യാത്രാനുമതി നല്‍കേണ്ട ഫ്‌ളൈറ്റ് എന്‍ജിനീയര്‍മാരാണ് നേരത്തെ സമരം ആരംഭിച്ചിരുന്നത്.

ഡി.ജി.സി.എ.യുടെ നിബന്ധനയനുസരിച്ച് എയര്‍ലൈന്‍ എന്‍ജിനീയറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വിമാനത്തിന് പറന്നുയരാന്‍ കഴില്ല. പിന്നീട് പൈലറ്റുമാരുംകൂടി പണിമുടക്കില്‍ പങ്കുചേന്നതോടെയാണ് പ്രശ്‌നം ഗുരുതരമായത്.

Advertisement