[] ചെന്നൈ: ആറന്‍മുള വിമാനത്താവള പദ്ധതിക്കായി പുതിയ പാരിസ്ഥിതിക പഠനം നടത്താന്‍ തയാറാണെന്ന് കെ.ജി.എസ് ഗ്രൂപ്പ്.  ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയെ മാനിക്കുന്നുവെന്നും നിയമപരമായ മാര്‍ഗത്തിലൂടെ പരിഹാരം കാണുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഗ്രീന്‍ ട്രിബ്യൂണല്‍ വിധി മാനിക്കുന്നു. സമകാലിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി പഠനം പുതുക്കാന്‍ കമ്പനി തയാറാണ്- അധികൃതര്‍ വ്യകത്മാക്കി. രണ്ടുമാസത്തിനുള്ളില്‍ എല്ലാ അനുമതിയും നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.ജി.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജിജി ജോര്‍ജ് പറഞ്ഞു.

ധൃതി പിടിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ തുടക്കത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. 2010ല്‍ ഇടത് സര്‍ക്കാരിന്റെ കാലത്താണ് ഭൂരിഭാഗം അനുമതികളും ലഭിച്ചത്. ആറുമാസം കൊണ്ട് 17 അനുമതികള്‍ ലഭിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്- കെ.ജി.എസ് ഗ്രൂപ്പ് ഡയറക്ടര്‍ വിശദീകരിച്ചു.

ദേശീയ തലത്തിലുള്ള എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, രാജ്യാന്തര തലത്തിലുള്ള എസ്.ജി.എസ് എന്നീ ഏജന്‍സികളെക്കൊണ്ടാണ് വീണ്ടും പാരിസ്ഥിതിക പഠനം നടത്തുന്നത്.  അനുമതി കിട്ടിയാല്‍ രണ്ടുവര്‍ഷം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് നല്‍കിയ പാരിസ്ഥിതിക അനുമതി മെയ് 28 ചെന്നൈ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയിരിക്കിയിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കെ.ജി.എസ് ഗ്രൂപ്പ് പാരിസ്ഥിതിക അനുമതി തേടിയതെന്നും ഹരിത ട്രിബ്യൂണല്‍ നിരീക്ഷിച്ചു. പ്രദേശത്ത് ഒരു വിധത്തിലുമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്തരുതെന്നും ട്രിബ്യൂണല്‍ കെ.ജി.എസ് ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.