നഴ്‌സ്മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം ശമ്പള വര്‍ധനവിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ; വര്‍ധനവ് ഇങ്ങനെ
Kerala News
നഴ്‌സ്മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം ശമ്പള വര്‍ധനവിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ; വര്‍ധനവ് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th April 2018, 7:17 am

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. അടിസ്ഥാന ശമ്പളം നിലവിലെ 8975 രൂപയില്‍നിന്ന് 20,000 രൂപയാക്കി. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഇതോടെ ഇന്നു നടത്താനിരുന്നപണിമുടക്കും ലോങ് മാര്‍ച്ചും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

ശമ്പളവര്‍ധന നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ആശുപത്രി ഉടമകളുടെ എതിര്‍പ്പുകാരണം അന്തിമ ഉത്തരവായിരുന്നില്ല. ഉത്തരവ് വൈകുന്നതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ചമുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കെ, തിങ്കളാഴ്ച രാത്രിയാണ് തൊഴില്‍ വകുപ്പ് അടിയന്തരമായി ഉത്തരവിറക്കിയത്.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറിയതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. ചേര്‍ത്തലയില്‍ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചിട്ടുണ്ട്. പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയ സാഹചര്യത്തിലാണു സമരം പിന്‍വലിക്കാനുള്ള തീരുമാനമെന്നും സംഘടന പറയുന്നു.

നേരത്തെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും ഉത്തരവുമായി ബന്ധപ്പെട്ട് വ്യക്തത വന്നതിന് ശേഷം സമരം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കൂവെന്നുമായിരുന്നു സംഘടനകളുടെ നിലപാട്.

ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് പോകാനും ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നിന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് 170 കിലോ മീറ്ററില്‍ അധികം ദൂരം ലോങ് മാര്‍ച്ച് നടത്താനായിരുന്നു നഴ്സുമാരുടെ തീരുമാനം.

ശമ്പള വര്‍ധന ഇങ്ങനെ

1. 100 കിടക്കകള്‍വരെയുള്ള ആശുപത്രിയിലാണ് 20,000 രൂപ അടിസ്ഥാന ശമ്പളം

2. 101 മുതല്‍ 300 കിടക്കകള്‍വരെ 22,000 രൂപ.

3. 301-500 വരെ 24,000 രൂപ. 501-700 വരെ 26,000 രൂപ

4. 701-800 വരെ 28,000 രൂപ

5. 800-നുമുകളില്‍ 30,000 രൂപ

6. അടിസ്ഥാനശമ്പളം ഇരട്ടിയലധികം വര്‍ധിപ്പിക്കുന്നതിനോടൊപ്പം 50 ശതമാനംവരെ അധിക അലവന്‍സും കിട്ടും.

7. ആശുപത്രികളിലെ മറ്റ് ജീവനക്കാര്‍ക്ക് 16,000 മുതല്‍ 22,090 രൂപവരെ അടിസ്ഥാന ശമ്പളം. പരമാവധി 12.5 ശതമാനംവരെ അധിക അലവന്‍സും.

8. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് 16,400 രൂപ മുതലാണ് അടിസ്ഥാന ശമ്പളം. പരമാവധി 15 ശതമാനംവരെ അധിക അലവന്‍സും. വേതനത്തിനുപുറമേ, സര്‍വീസ് വെയിറ്റേജ്, ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയും ലഭിക്കും.

9. ആശുപത്രികളിലെ കിടക്കകളുടെ എണ്ണമനുസരിച്ച് പരമാവധി 30,000 രൂപവരെ ഇവര്‍ക്ക് ശമ്പളം കിട്ടും.

10. 7775 രൂപ ലഭിക്കുന്ന പൊതുവിഭാഗത്തിലെ ജീവനക്കാരന് 16,000 രൂപയായിരിക്കും ഇനി അടിസ്ഥാനശമ്പളം. പരമാവധി അലവന്‍സ് 2000 രൂപ.

11. നിലവില്‍ 7825 രൂപ അടിസ്ഥാന ശമ്പളമുള്ള പാരാ മെഡിക്കല്‍ സ്റ്റാഫിന് കുറഞ്ഞത് 16,400 രൂപ അടിസ്ഥാന വേതനവും പരമാവധി 2460 രൂപ അധിക അലവന്‍സും കിട്ടും.

12. 2017 ഒക്ടോബര്‍ ഒന്നുമുതലുള്ള ക്ഷാമബത്ത, സര്‍വീസ് വെയിറ്റേജ്, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയ്ക്കും ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്.

13. കിടക്കകളുടെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് അഞ്ചുമുതല്‍ 33 ശതമാനംവരെയാണ് അലവന്‍സുകള്‍ ലഭിച്ചിരുന്നത്. ഇത് 10 മുതല്‍ 50 ശതമാനംവരെയായി വര്‍ധിപ്പിച്ചു.