നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് തിയേറ്ററില്‍ എത്തിയത്.

റിലീസ് ചെയ്ത് മൂന്ന് വാരം പിന്നടുമ്പോഴും ചിത്രം മികച്ച കളക്ഷന്‍ നേടിയാണ് പ്രദര്‍ശനം തുടരുന്നത്. ഇപ്പോഴിതാ ലോകമെമ്പാട് നിന്ന് ചിത്രം ഇതിനോടകം 75 കോടി രൂപ നേടി എന്നാണ് ഏറ്റവും പുതിയ വിവരം.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ് 75 കോടി നേടിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. സിനിമക്ക് കേരളത്തില്‍ നിന്ന് മൂന്ന് വാരം കൊണ്ടുതന്നെ 15 കോടി ഷെയര്‍ ആയി സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു

2023ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡ് ഉള്‍പ്പടെ ചുരുങ്ങിയ ചിത്രങ്ങള്‍ക്ക് മാത്രമാണ് ഇത്രയും മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്.

സിനിമക്ക് ഇപ്പോഴും മികച്ച കളക്ഷന്‍ നേടാന്‍ കഴിയുന്നുണ്ട് കേരളത്തില്‍ നിന്ന് മാത്രം കണ്ണൂര്‍ സ്‌ക്വാഡ് ഇതിനോടകം 35 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. വളരെ ചുരുങ്ങിയ തിയേറ്ററില്‍ മാത്രം റിലീസ് ചെയ്ത് മികച്ച വിജയം സ്വന്തമാക്കാന്‍ സിനിമക്ക് ആയത് വലിയ നേട്ടമായിട്ടാണ് സിനിമാ ട്രാക്കര്‍മാര്‍ കാണുന്നത്.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.

കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Content Highlight: Kannur squad hits 75 cr collection