ചാത്തന്‍ മാത്രമല്ല.. ലോകഃയുടെ അടുത്ത ചാപ്റ്ററില്‍ നീലിയുമുണ്ടാകും; വൈറലായി കല്യാണിയുടെ വാക്കുകള്‍
Malayalam Cinema
ചാത്തന്‍ മാത്രമല്ല.. ലോകഃയുടെ അടുത്ത ചാപ്റ്ററില്‍ നീലിയുമുണ്ടാകും; വൈറലായി കല്യാണിയുടെ വാക്കുകള്‍
ഐറിന്‍ മരിയ ആന്റണി
Monday, 16th February 2026, 4:33 pm

ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തി ചരിത്ര വിജയമായി മാറിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. 2025ല്‍ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ 300 കോടിയെന്ന അത്ഭുത നേട്ടമാണ് സ്വന്തമാക്കിയത്. നസ്‌ലെന്‍, ചന്തു സലിം കുമാര്‍, സാന്‍ഡി, ടൊവിനോ തോമസ് എന്നിങ്ങനെ വന്‍താര നിര അണിനിരന്ന സിനിമ അന്യഭാഷകളിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര/ Theatrical poster

പ്രിയങ്ക ചോപ്ര ഉള്‍പ്പെടയുള്ള താരങ്ങള്‍ ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഒരു യൂണിവേഴ്‌സായി തുടക്കമിട്ട ലോകക്ക് വരും ഭാഗങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. നീലിയുടെ കഥ പറഞ്ഞ ഒന്നാം ഭാഗത്തിന് ശേഷം വരാനിരിക്കുന്ന ചാത്തന്റെ കഥയാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ നക്ഷത്ര 2026 ഇവെന്റില്‍ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ലോകഃ ചാപ്റ്റര്‍ 2വിന്റെ എഴുത്ത് തുടങ്ങിയിട്ടുണ്ടെന്നും രണ്ടാം ഭാഗത്തില്‍ താനുണ്ടാകുമെന്നുമാണ് കല്യാണി പറഞ്ഞത്.

‘ലോകഃ ചാപ്റ്റര്‍ 2 എഴുത്ത് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഷൂട്ട് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചാപ്റ്റര്‍ 2വില്‍ ഞാനുമുണ്ട്, ‘കല്യാണിയുടെ വാക്കുകള്‍. രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസാണ് പ്രധാനവേഷത്തിലെത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ വ്യക്തമാക്കിയിരുന്നു.

സിനിമയുടെ വരും ഭാഗങ്ങളെ കുറിച്ച് അദ്ദേഹം അടുത്തിടെ പറഞ്ഞ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. രണ്ടാം ഭാഗം നീതിപുലര്‍ത്തി കൊണ്ട് മികച്ച രീതിയില്‍ ചെയ്യുക എന്നത് സമ്മര്‍ദമുള്ള കാര്യമാണെന്നും ചിത്രത്തിന്റെ തിരക്കഥയില്‍ വളരെ അധികം ശ്രദ്ധിച്ചാണ് മുന്നോട്ട് പോകുന്നതെന്നുമായിരുന്നു ഡൊമിനിക് പറഞ്ഞത്.

ലോകഃ കല്യാണി പ്രിയദര്‍ശന് ഇന്‍ഡസ്ട്രിയില്‍ കൊടുത്ത ഹൈപ്പ് ചെറുതൊന്നുമല്ല. ബോക്‌സ് ഓഫീസില്‍ ഒരു നായിക പ്രാധാന്യമുള്ള ചിത്രത്തിന് 300 കോടി കളക്ഷന്‍ നേടിയത് ഇന്ത്യയൊട്ടാകെ ചര്‍ച്ചയായിരുന്നു.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും കാമിയോ റോളില്‍ എത്തിയിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും സിനിമയില്‍ മൂത്തോനായി എത്തുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight:  Kalyani says she will be in Lokah Chapter 2. Video goes viral

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.