മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജോഷി. ഇന്ന് തിയേറ്ററിലെത്തുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘ആന്റണി’.

ജോജു ജോര്‍ജ് ആന്റണിയെന്ന ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കല്യാണി ആദ്യമായി ആക്ഷന്‍ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ഇപ്പോള്‍ ‘ആന്റണി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജോഷിയെ കുറിച്ചും തന്റെ ആദ്യ ആക്ഷന്‍ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് കല്യാണി.

‘ആദ്യമായിട്ടാണ് ഞാന്‍ ഒരു സിനിമയില്‍ ആക്ഷന്‍ ചെയ്യുന്നത്. അതിനായിട്ട് ഒരുപാട് എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. എങ്കിലും ഞാന്‍ വളരെ നെര്‍വസാണ്.

സത്യത്തില്‍ ഷൂട്ട് തുടങ്ങുന്നത് വരെ എനിക്ക് ജോഷി സാറിനെ അത്രക്ക് അറിയില്ലായിരുന്നു. സാര്‍ വളരെ സ്ട്രിക്ട് ആണെന്നാണ് എല്ലാവരും എന്നോട് പറഞ്ഞിരുന്നത്.

സാര്‍ കുറച്ചേ സംസാരിക്കുകയുള്ളൂ എന്നും പലരും പറഞ്ഞു. പക്ഷെ, സാര്‍ സത്യത്തില്‍ അങ്ങനെയല്ല. കുറച്ചേ സംസാരിക്കുകയുള്ളൂ എന്നത് സത്യമാണ്.

ജോഷി സാര്‍ ഷൂട്ട് ചെയ്യുന്നത് ഹൃദയം കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. സാറിന്റെ മുഖത്തിന് ശരിക്കും ഇമോഷന്‍ ഹൈഡ് ചെയ്യാന്‍ കഴിയില്ല. ഇമോഷണല്‍ സീനിന് സാര്‍ ഇമോഷണല്‍ ആകുന്നത് കണ്ടിട്ടുണ്ട്.

ചിലപ്പോള്‍ ചില ഷോട്ടുകള്‍ കണ്ടിട്ട് കുട്ടികളെ പോലെ സാര്‍ ചിരിക്കും. അദ്ദേഹം അത്രയും നല്ല വ്യക്തിയായത് കൊണ്ടാണ് അങ്ങനെയൊക്കെ. തുടക്കത്തില്‍ എനിക്ക് ടെന്‍ഷനായിരുന്നു.

എന്നാല്‍ പിന്നീടത് മാറി. സാര്‍ എന്നോട് ഒഴികെ ബാക്കി എല്ലാവരോടും വളരെ സ്ട്രിക്ടായിരുന്നു. സത്യത്തില്‍ ലൊക്കേഷനില്‍ എല്ലാവരും എന്നെ സ്വന്തം കുടുംബത്തിലെ ഒരു കുട്ടിയെ പോലെയാണ് കണ്ടത്,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

‘ആന്റണി’ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ജോജു ജോര്‍ജിനും പുറമെ ചെമ്പന്‍ വിനോദ്, വിജയരാഘവന്‍, ആശ ശരത് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Content Highlight: Kalyani Priyadarshan Talks About Director Joshiy