വീണ വേറേയെും ഒന്ന് രണ്ട് സീക്വന്‍സില്‍ കൂടിയുണ്ട്, ഒന്നുകൂടി കണ്ടാല്‍ മനസിലാകും; എപ്പോഴും ബക്കറ്റ് തൂക്കിവരണോ എന്ന് ചോദിച്ചിരുന്നു: ഷാജോണ്‍
Movie Day
വീണ വേറേയെും ഒന്ന് രണ്ട് സീക്വന്‍സില്‍ കൂടിയുണ്ട്, ഒന്നുകൂടി കണ്ടാല്‍ മനസിലാകും; എപ്പോഴും ബക്കറ്റ് തൂക്കിവരണോ എന്ന് ചോദിച്ചിരുന്നു: ഷാജോണ്‍
അക്ഷര
Saturday, 27th June 2026, 10:05 am

ദൃശ്യം ഒ.ടി.ടി റിലീസിന് പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോള്‍ കിട്ടിയ താരമായിരുന്നു വീണ നന്ദകുമാര്‍. ചിത്രത്തില്‍ സഹദേവന്റെ മകളായ മാധ്യമപ്രവര്‍ത്തകയായി എത്തി, പിന്നാലെ ബക്കറ്റും തൂക്കി എങ്ങോട്ടോ പോയെന്ന ട്രോളുകളായിരുന്നു ഉയര്‍ന്നത്.

എല്ലാ സീനുകളിലും ബക്കറ്റും തൂക്കി വരുന്നതും വീണ എത്തുന്ന സീനുകളിലെ ലോജിക്കില്ലായ്മയും വീണയുടെ കഥാപാത്രത്തിന് പൂര്‍ണത നല്‍കാത്തതുമൊക്കെ വിമര്‍ശനമായി പ്രേക്ഷകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

വീണയുടെ കഥാപാത്രത്തിന് ഇത്തരത്തില്‍ ട്രോള്‍ കിട്ടുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് പറയുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍. ഷൂട്ടിന്റെ സമയത്ത് തന്നെ ബക്കറ്റിന്റെ കാര്യം സംവിധായകന്‍ ജീത്തു ജോസഫിനോട് ചോദിച്ചിരുന്നെന്നും ഷാജോണ്‍ പറഞ്ഞു. ദി ഷോ സ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബക്കറ്റ് സ്റ്റാര്‍ എന്നൊരു പേര് വീണയ്ക്ക് കിട്ടി. നമ്മള്‍ ഒരിക്കലും അത് ചിന്തിച്ചിരുന്നില്ല. ചിന്തിച്ചാല്‍ ചെയ്യില്ലല്ലോ. ഈ ബക്കറ്റും തൂക്കിപ്പിടിച്ച് വരുന്ന കാര്യം ഞാന്‍ ജീത്തു ഭായിയോട് ചോദിച്ചാണ്.

അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് അപ്പുറത്ത് സഹദേവന്റെ ജീപ്പുണ്ട്. ജോര്‍ജുകുട്ടിയും സഹദേവനും സംസാരിക്കുന്ന സമയത്ത് പിറകില്‍ നിന്ന് വീണ ആ ജീപ്പ് കഴുകിക്കൊണ്ടിരിക്കുന്നതായിട്ടായിരുന്നു പ്ലാന്‍ എന്നാണ്.

പക്ഷേ നിങ്ങള്‍ തമ്മില്‍ അത്രയ്ക്കും സീരിയസ് ആയിട്ടുള്ള മാറ്റര്‍ ആണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ പുറകില്‍ ഒരാള്‍ നിന്ന് അങ്ങനെ കഴുകിക്കൊണ്ടിരിക്കുന്നത് ബോര്‍ ആണ്. മാത്രമല്ല പ്രേക്ഷകരുടെ ശ്രദ്ധ അങ്ങോട്ട് പോകുമെന്നും പറഞ്ഞു. ആലോചിച്ചപ്പോള്‍ അതും ശരിയാണ്. പിന്നെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അവകാശങ്ങളുണ്ടല്ലോ.

മറ്റൊരു ട്രോള്‍ ഈ ബക്കറ്റും തൂക്കി പുള്ളിക്കാരി എവിടെ എന്നതായിരുന്നു. പുള്ളിക്കാരിയുടെ വേറേയും ഒരു ഷോട്ടുണ്ട്. ഞാനും അവളും ജീപ്പില്‍ പോകുന്ന സീക്വന്‍സുണ്ട്.

കലാഭവന്‍ ഷാജോണ്‍ PHOTO: The Shoscape Journal

അതിന് ശേഷം ഞങ്ങള്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സ്ഥലത്ത് പോകണമെന്ന് പറയുന്നിടത്തൊക്കെ വീണയുണ്ട്. സിനിമ ഒന്നുകൂടി കണ്ടുകഴിഞ്ഞാല്‍ മനസിലാകും.

പക്ഷേ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ അതുവരെ വന്ന, വളരെ ഇംപോര്‍ട്ടന്റ് ആയിട്ടുള്ള ഒരു ക്യാരക്ടറിന് പെട്ടെന്ന് അത്ര ഇംപോര്‍ട്ടന്‍സ് ഇല്ലാതായിപ്പോയി. അതാണ് പ്രേക്ഷകര്‍ പറയുന്നത്. അതിന് കാരണം വീണയുടെ പോര്‍ഷന്‍ കഴിഞ്ഞാല്‍ പിന്നെ ഈ കഥ കൊണ്ടുപോകുന്നത് സഹദേവനാണ്. അതുകൊണ്ട് കൂടിയാവാം അങ്ങനെ വന്നത്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon about Why Veenas Character in drishyam get Trolls