വെറും രണ്ട് റണ്‍സില്‍ ഗംഭീര്‍ വീഴും; വമ്പന്‍ നേട്ടത്തിനരികെ ക്ലാസിക് രാഹുല്‍
Cricket
വെറും രണ്ട് റണ്‍സില്‍ ഗംഭീര്‍ വീഴും; വമ്പന്‍ നേട്ടത്തിനരികെ ക്ലാസിക് രാഹുല്‍
സുദേവ് എ
Friday, 14th August 2026, 7:39 am

ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം നാളെ മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.

സമീപകാലങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ പ്രകടനവും ഈ പരമ്പരയില്‍ നിര്‍ണായകമാകും. 2025-27 വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ് സൈക്കിളില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവും രാഹുല്‍ തന്നെയാണ്.

ഈ പരമ്പരയില്‍ കെ.എല്‍ രാഹുലിന് ഒരു വമ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ സാധിക്കും. ലങ്കക്കെതിരെ രണ്ട് റണ്‍സ് മാത്രം നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടക്കാനുള്ള അവസരമാണ് രാഹുലിന്റെ മുന്നിലുള്ളത്.

ഇതുവരെ 68 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 4153 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. 12 സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളുമാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ രാഹുലിന്റെ പേരിലുള്ളത്.

മറുഭാഗത്ത് ഗംഭീര്‍ 4754 റണ്‍സുമായാണ് തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. ടെസ്റ്റില്‍ ഒമ്പത് സെഞ്ച്വറികളും 22 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ട് റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് ഗംഭീറിനെയും മറികടന്ന് കുതിക്കാന്‍ സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 200 ടെസ്റ്റില്‍ നിന്നും 15921 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. 13265 റണ്‍സുമായി ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡാന് സച്ചിന്റെ പുറകിലുള്ളത്. ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സ് കടന്ന രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ദ്രാവിഡും സച്ചിനും മാത്രമാണ്.

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരം സുനില്‍ ഗവാസ്‌കറാണ്. 122 മത്സരങ്ങളില്‍ നിന്നും 10122 റണ്‍സ് നേടിയാണ് ഗവാസ്‌കര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചത്. 9230 റണ്‍സ് വിരാട് കോഹ്ലിയും 8781 റണ്‍സുമായി വി.വി.എസ് ലക്ഷ്മണും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

അതേസമയം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. നിലവില്‍ ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ഔഖിബ് നബി ധാര്‍.

ശ്രീലങ്ക സ്‌ക്വാഡ്

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചണ്ഡിമല്‍, പസിന്ദു സൂരിയബന്ധാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്ത, മിലന്‍ രത്നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക.

 

Content Highlight: K.L Rahul need two runs to break Gautam Gambhir record in test cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.