അദ്ദേഹം ഇപ്പോള്‍ നേടിയ എല്ലാ നേട്ടങ്ങള്‍ക്കും അര്‍ഹനാണ്; സഞ്ജുവിനെ കുറിച്ച് ജിതേഷ് ശര്‍മ
Cricket
അദ്ദേഹം ഇപ്പോള്‍ നേടിയ എല്ലാ നേട്ടങ്ങള്‍ക്കും അര്‍ഹനാണ്; സഞ്ജുവിനെ കുറിച്ച് ജിതേഷ് ശര്‍മ
ശ്രീരാഗ് പാറക്കല്‍
Saturday, 14th March 2026, 5:16 pm

2026 ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ. സഞ്ജു ഭായിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണെന്നും ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയിലും അദ്ദേഹം വളരെ നല്ലവനാണെന്നും ജിതേഷ് ശര്‍മ പറഞ്ഞു. മാത്രമല്ല ഇപ്പോള്‍ നേടിയ എല്ലാ നേട്ടങ്ങള്‍ക്കും അദ്ദേഹം അര്‍ഹനാണെന്നും ആര്‍.സി.ബി താരം പറഞ്ഞു.

‘സഞ്ജു ഭായിയുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്, ഞാന്‍ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നു. ഒരു മനുഷ്യന്‍ എന്ന നിലയില്‍, അദ്ദേഹം വളരെ മികച്ച ആളാണ്. മാത്രമല്ല ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ മികവ് വളരെ വലുതാണ്. ഞാന്‍ എപ്പോഴും അദ്ദേഹത്തിന് നല്ലത് ആശംസിക്കുന്നു, അദ്ദേഹത്തിന് ലഭിച്ച നേട്ടങ്ങളില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. അദ്ദേഹം ഇപ്പോള്‍ നേടിയ എല്ലാ നേട്ടങ്ങള്‍ക്കും അര്‍ഹനാണ്,’ ജിതേഷ് ശര്‍മ പറഞ്ഞു.സഞ്ജു

അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

അതേസമയം ടി-20 ലോകകപ്പ് ആവേശം കെട്ടടങ്ങിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.പി.എല്‍ മാമാങ്കത്തിനാണ്. നിലവില്‍ ഏപ്രില്‍ 12 വരെയുള്ള മത്സരങ്ങളുടെ ക്രമമാണ് ഐ.പി.എല്ലില്‍ പ്രഖ്യാപിച്ചത്.

മാര്‍ച്ച് 28ന് ഡിഫന്റിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്നതോടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാവും.

Content Highlight: Jithesh Sharma Praises Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ