റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ആരംഭിച്ചു. ഏഴുമണിക്കാണ് പോളിംഗ് ആരംഭിച്ചത്. ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

പ്രധാന നക്‌സല്‍ ബാധിത പ്രദേശങ്ങളിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്നുമണിക്കാണ് പോളിംഗ് അവസാനിക്കുക.

അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് വോട്ടെടുപ്പ് അവസാനിക്കും. 23ന് ഫലം പ്രഖ്യാപിക്കും.

ചത്ര, ഗുംല, ബിഷന്‍പുര്‍, ലോഹാര്‍ദാഗ, മാനിക, ലത്തേഹാര്‍, പന്‍കി, ദല്‍ത്തോഗഞ്ച്, ബിശ്രംപുര്‍, ഛത്തര്‍പൂര്‍, ഹുസ്സൈനാബാദ്, ഗാര്‍ഗ്‌വ, ഭവനാഥ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

3,906 പോളിംഗ് സ്‌റ്റേഷനുകളില്‍ 989 എണ്ണത്തില്‍ വെബ്കാസ്റ്റിങ്ങ് സൗകര്യമൊരുക്കിയിട്ടുണ്ട്. 37,83,055 പേരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. അതില്‍ 18,01,356 പേര്‍ സ്ത്രീകളാണ്.

ആദ്യഘട്ടത്തില്‍ ബി.ജെ.പി 12 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഹുസൈനാബാദില്‍ നിന്നു മത്സരിക്കുന്ന വിനോദ് സിങ്ങ് ബി.ജെ.പി സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.

എതിരെ മത്സരിക്കുന്ന ജെ.എം.എം നാലു സീറ്റുകളിലേക്കും, കോണ്‍ഗ്രസ് ആറ് സീറ്റുകളിലേക്കും ആര്‍.ജെ.ഡി മൂന്നുസീറ്റുകളിലേക്കുമാണ് മത്സരിക്കുന്നത്.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളിലൊരാളായ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി രാമചന്ദ്ര ചന്ദ്രവംശിയായും ജാര്‍ഖണ്ഡ് പി.സി.സി പ്രസിഡന്റും മുന്‍ ഐ.പി.എസ് ഓഫീസറുമായ രാമേശ്വര്‍ ഒറോണുമാണ് ശക്തരായ സ്ഥാനാര്‍ത്ഥികള്‍.

അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.സി.സി പ്രസിഡന്റായിരുന്ന സുഖ്‌ദേവോ ഭഗതിനെതിരെയാണ് ഒറോണ്‍ മത്സരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയും ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി സഖ്യവുമാണ് പ്രധാന എതിരാളികള്‍. എന്‍.ഡി.എയില്‍ നിന്നും സഖ്യകക്ഷികള്‍ വിട്ടു പോന്നിരുന്നു. ബി.ജെ.പി വിട്ട എ.ജെ.എസ്‌യുവും ലോക് ജനശക്തി പാര്‍ട്ടിയും ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.