ലഖ്‌നൗ: ജെറ്റ് എയര്‍വേയ്‌സിനകത്ത് രൂക്ഷമായ കൊതുകു ശല്യം. യാത്രക്കാര്‍ കൊതുകിനെയാട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. വിമാനത്തിലെ ബോര്‍ഡില്‍ യാത്രക്കാര്‍ കാര്‍ഡുകളും പേപ്പറുകളും ഉപയോഗിച്ച് കൊതുകിനെ ആട്ടുന്നതും അടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതുമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

സംഭവം നാണക്കേടായതോടെ മാപ്പ് പറഞ്ഞ് ജെറ്റ് എയര്‍വേയ്‌സും രംഗത്തെത്തി. കാബിന്‍ ടീമിനെക്കൊണ്ട് പരിശോധിപ്പിക്കുമെന്നും ക്ഷമചോദിക്കുന്നതായും ജെറ്റ് എയര്‍വേയ്‌സ് പറഞ്ഞു.

ഇന്‍ഡിഗോ വിമാനത്തിലെ കൊതുകു ശല്യം പരാതിപ്പെട്ട യാത്രികനെ ഇറക്കിവിട്ടെന്ന വാര്‍ത്ത പുറത്ത് വന്ന് അധികം വൈകാതെയാണ് ജെറ്റ് എയര്‍വെയ്‌സിലെ കൊതുകുശല്യത്തിന്റെ വീഡിയോ പുറത്തായത്. ബെംഗളൂരുവില്‍ നിന്നുള്ള ഡോക്ടര്‍ സൗരഭ് റായിയെയാണ് ഇന്നലെ ഇന്‍ഡിഗോ ജീവനക്കാര്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത്. കൊതുക് ഉണ്ടെന്ന് പരാതിപ്പെട്ട സൗരഭിനെ ജീവനക്കാര്‍ കൈയേറ്റം ചെയ്യുകയും നിര്‍ബന്ധിച്ച് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്നുമാണ് പരാതി.


Read Also: ‘ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഞാന്‍ എന്റെ മക്കളോട് പറയാറ്; ആറാം ക്ലാസ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട അവന്റെ മല്ലികചേച്ചിയാണ് ഞാന്‍’


വിമാനത്താവള ലോഞ്ചിലേക്ക് പോവാനുള്ള ബസിലേക്ക് കയറാനും ജീവനക്കാര്‍ സൗരഭിനെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. വേണമെങ്കില്‍ മറ്റൊരു വിമാനത്തില്‍ കയറി പോവാനാണ് സൗരഭിനോട് ജീവനക്കാര്‍ പറഞ്ഞത്.

അതേസമയം, ജീവനക്കാരോട് മോശമായി പെരുമാറിയതിനാലാണ് യാത്രക്കാരനെ ഇറക്കി വിടേണ്ടി വന്നതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ട്വിറ്ററില്‍ വിശദീകരിച്ചിരുന്നു.