പുതുതലമുറയുടെ ആവേശവും വേഗതയും മലയാള സിനിമയിൽ കൊണ്ടുവന്ന സംവിധായകനാണ് ജീൻ പോൾ ലാൽ. പ്രശസ്ത നടനും സംവിധായകനും ആയ ലാലിന്റെ മകൻ എന്ന ലേബലിൽ എത്തി, പിന്നീട് സ്വന്തം സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ‘ലാൽ ജൂനിയർ’ ആയി അദ്ദേഹം മാറി.
‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ സംവിധാന മികവ് തെളിയിച്ച ജീൻ, ‘മഞ്ഞുമ്മൽ ബോയ്സ്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ മികച്ചൊരു നടൻ കൂടിയാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിരുന്നു.ആദ്യ ചിത്രത്തിൽ തന്നെ ബോക്സ് ഓഫീസ് വിജയം നേടിയ അദ്ദേഹം നടനെന്ന നിലയിലും മുന്നേറുകയാണ്.
മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത പുതിയ ചിത്രം ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തിലെ ജീൻ അവതരിപ്പിച്ച പവിത്രൻ എന്ന പൊലീസ് കഥാപാത്രം ഏറെ ചർച്ചയായി കഴിഞ്ഞു.
സിനിമ കാണുമ്പോൾ പല സീനുകളിലും ലാലിന്റെ അതേ മാനറിസങ്ങൾ ജീൻ പോളിലും കാണാനാകും എന്നാണ് പ്രേക്ഷക വിലയിരുത്തൽ. ഡയലോഗ് ഡെലിവെറിയിലും ബോഡി ലാംഗ്വേജിലും ജീൻ കാഴ്ചവെച്ച വ്യത്യസ്തമാർന്ന പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
സ്ക്രീനിൽ പണ്ടത്തെ ലാലിനെ തന്നെയാണ് കാണാൻ കഴിയുന്നത് എന്ന് പ്രേക്ഷകർ പറയുന്നു. ലാലുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ച് ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് ജീൻ പോൾ ലാൽ.
‘ഞാൻ ‘ലാൽ ജൂനിയർ’ എന്ന പേര് ഈ പടത്തിന് വേണ്ടി മാറ്റിയിരുന്നു. പപ്പ എന്താണ് ചെയ്യുക എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഈ സിനിമയിൽ ബാക്കി എല്ലാവരും പുതുമുഖങ്ങൾ ആയതുകൊണ്ട്, എന്റെ പേര് മാത്രം വേറിട്ടു നിൽക്കേണ്ട എന്ന അർത്ഥത്തിലാണ് അങ്ങനെ ചെയ്തത്. എന്നാൽ സിനിമ റിലീസ് ചെയ്തുകഴിഞ്ഞപ്പോൾ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വിളിക്കാൻ തുടങ്ങി. ചില സീനുകളിലൊക്കെ ‘കറക്ട് ലാൽ’ തന്നെയാണെന്ന് ആളുകൾ പറയുമ്പോൾ ഉറപ്പായും ഭയങ്കര സന്തോഷമുണ്ട്’,ജീൻ പോൾ ലാൽ പറഞ്ഞു.
Conmtent Highlight: Jean Paul Lal Shares Joy Over Comparisons to His Father, Actor Lal, in ‘Balan’