സംവിധാനത്തിന് പുറമെ അഭിനയത്തിലും പ്രേക്ഷകരെ ഞെട്ടിച്ച ചുരുക്കം ആളുകളിലൊരാളാണ് ജീന്‍ പോള്‍ ലാല്‍. സംവിധായകനായി മികച്ച സിനിമകള്‍ സമ്മാനിച്ച ജീന്‍ പോള്‍ അണ്ടര്‍ വേള്‍ഡിലൂടെയാണ് ക്യാമറക്ക് മുന്നിലെത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ വേറിട്ട ഗെറ്റപ്പിലെത്തിയ ലാല്‍ ജൂനിയര്‍ ബാലനിലും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചു.
മലയാളത്തില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന താരങ്ങള്‍ തമിഴിലും സാന്നിധ്യമറിയിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഈ ലിസ്റ്റില്‍ ജീന്‍ പോളും ഇപ്പോള്‍ ഇടംപിടിച്ചു. കാര്‍ത്തി നായകനായ സര്‍ദാര്‍ 2ലൂടെയാണ് ലാല്‍ ജൂനിയര്‍ തമിഴില്‍ അരങ്ങേറ്റം നടത്തിയത്. ബോക്‌സ് ഓഫീസില്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയമായ ചിത്രമാണ് സര്‍ദാര്‍ 2.

എസ്.ജെ. സൂര്യ അവതരിപ്പിച്ച യോഗി എന്ന വില്ലന്റെ അനിയനായാണ് ലാല്‍ ജൂനിയര്‍ വേഷമിട്ടത്. ആല എന്ന കഥാപാത്രമായി സിനിമയില്‍ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും ആകെ മൂന്നോ നാലോ ഡയലോഗ് മാത്രമേ പറയുന്നുള്ളൂ. കേരളത്തിലും റീച്ച് കിട്ടാനായി മലയാളി താരത്തെ കാസ്റ്റ് ചെയ്യുന്ന സ്ഥിരം പ്രൊമോഷന്‍ തന്ത്രമാണ് നിര്‍മാതാക്കള്‍ നടത്തിയതെന്ന് കണക്കാക്കാം.
ഒ.ടി.ടി റിലീസിന് ശേഷവും സര്‍ദാര്‍ 2നെ ആരും ശ്രദ്ധിക്കാതെ പോയതോടെ തമിഴിലെ ജീന്‍ പോളിന്റെ അരങ്ങേറ്റം ആരും ശ്രദ്ധിക്കാതെ പോയിരിക്കുകയാണ്. ഗംഭീര പെര്‍ഫോമറാണെന്ന് തെളിയിച്ച ലാല്‍ ജൂനിയറിന്റെ മോശം സെലക്ഷനായി സര്‍ദാര്‍ 2 മാറി. ആരും ശ്രദ്ധിക്കാത്തതുകൊണ്ട് ട്രോളന്മാരുടെ ഇരയാകാതെ ജീന്‍ പോള്‍ രക്ഷപ്പെട്ടെന്ന് പറയാം.

120 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ സര്‍ദാര്‍ 2 ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 20 കോടിക്കടുത്ത് മാത്രമാണ്. ആദ്യഭാഗം 100 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയതാണ് രണ്ടാം ഭാഗമൊരുക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. എന്നാല്‍ ആവശ്യമില്ലാത്ത ശ്രമമായി സര്‍ദാര്‍ 2 മാറുകയായിരുന്നു.
വളരെ നല്ലൊരു ആശയമായിരുന്നിട്ടും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ സംവിധായകന്‍ പി.എസ് മിത്രന് സാധിക്കാത്തതാണ് സര്‍ദാര്‍ 2ന്റെ പരാജയകാരണം. ആന്റിബയോട്ടിക്കിന്റെ അമിതമായ ഉപയോഗം സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇത് കൃത്യമായി കണ്‍വേ ചെയ്യാന്‍ സംവിധായകന് സാധിക്കാത്തത് സര്‍ദാര്‍ 2നെ സാരമായി ബാധിച്ചു.
Content Highlight: Jean Paul Lal’s role in Sardar 2 not getting any attention even after OTT release
