രേഖയ്‌ക്കൊപ്പം മുഖം കാണിച്ചതിന് രാജ്യസഭാ ടിവിയ്‌ക്കെതിരെ ജയാബച്ചന്റെ പരാതി
Movie Day
രേഖയ്‌ക്കൊപ്പം മുഖം കാണിച്ചതിന് രാജ്യസഭാ ടിവിയ്‌ക്കെതിരെ ജയാബച്ചന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th May 2012, 12:08 pm

ന്യൂദല്‍ഹി: ജയാബച്ചനും രേഖയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ബോളിവുഡില്‍ പാട്ടാണ്. രേഖയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ മുതല്‍ ഈ ശത്രുത ഒരിക്കല്‍ കൂടി മറനീങ്ങി വരികയും ചെയ്തു.

രേഖയെ നാമനിര്‍ദേശം ചെയ്തതിന് പിന്നാല്‍ ജയാബച്ചന്‍ സീറ്റ് മാറിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ രേഖയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് ജയാബച്ചന്‍ രാജ്യസഭാ ടി.വിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്.

നടി രേഖ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്റെ നേരെ ക്യാമറ ഫോക്കസ് ചെയ്തതിനെതിരായാണ് ജയാബച്ചന്‍ പരാതി നല്‍കിയത്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കാണ് സമാജ്വാദി പാര്‍ട്ടി എം.പിയായ ജയാബച്ചന്‍ പരാതി നല്‍കിയത്.

ഈ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ ഉപയോഗിച്ചതാണ് ജയ പരാതി നല്‍കാന്‍ കാരണം. രേഖ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എന്തിനാണ് തന്റെ മുഖം പകര്‍ത്തുന്നതെന്നും ഇത് വേദനയുളവാക്കുന്നതാണെന്നും അവര്‍ പരാതിപ്പെട്ടു. മനപൂര്‍വ്വമാണ് ഇത്തരത്തില്‍ ദൃശ്യം സംപ്രേഷണം ചെയ്തതെന്നും ജയ ആരോപിക്കുന്നു. രാജ്യസഭാ സി.ഇ.ഒയെ വിളിച്ചുവരുത്തി ഹമീദ് അന്‍സാരി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

1961ല്‍ പുറത്തിറങ്ങിയ സില്‍സി എന്ന ചിത്രത്തിന് ശേഷം ജയാബച്ചനും-രേഖയും പിന്നീടൊരിക്കലും ഒരുമിച്ചഭിനയിക്കുകയോ നേര്‍ക്കുനേര്‍ നോക്കുകയോ ചെയ്തിട്ടില്ല.