മോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ക്കുകയും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയും ചെയ്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴും ഗംഭീര കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഇതിനോടകം 310 കോടിയും കടന്ന് കുതിക്കുന്ന ചിത്രം കേരള കളക്ഷനിലും പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന നാലാമത്തെ ചിത്രമെന്നായിരുന്നു കഴിഞ്ഞദിവസം വരെ ബെത്‌ലഹേമിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ്. ഇപ്പോഴിതാ കേരള ബോക്‌സ് ഓഫീസില്‍ 150 കോടി നേടുന്ന ആദ്യ സിനിമയായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറി.

മലയാളത്തിന് പുറമെ മറ്റ് സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രികളില്‍ ഈ നേട്ടം സ്വന്തമാക്കിയവര്‍ ആരൊക്കെയാണെന്ന് നോക്കാം. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡെന്ന് മാത്രം കരുതിയവരെ ഞെട്ടിച്ച് ടോളിവുഡ് ഇന്‍ഡസ്ട്രി മുന്നേറിയ 2015ലാണ് ആന്ധ്രയില്‍ നിന്ന് മാത്രം 150 കോടി നേടിയ ചിത്രം പിറവിയെടുത്തത്. ബാഹുബലിയിലൂടെ പ്രഭാസാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.

തെലുങ്കിന് ശേഷം ഏറ്റവും വലിയ ഇന്‍ഡസ്ട്രിയെന്ന് അറിയപ്പെട്ടിരുന്ന തമിഴ് സിനിമക്ക് ഈ നേട്ടത്തിലെത്താന്‍ ഏഴ് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. തന്റെ ഇഷ്ടനടനായ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് അണിയിച്ചൊരുക്കിയ വിക്രം തമിഴില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ബാഹുബലി 2നെ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും 180 കോടിയിലേറെ നേടുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ ആദ്യ 150 കോടി പിറവിയെടുത്ത അതേവര്‍ഷം തന്നെയാണ് കന്നഡ ഇന്‍ഡസ്ട്രിയും ഈ നേട്ടത്തിലെത്തിയത്. യഷ് നായകനായ കെ.ജി.എഫ് 2 കര്‍ണാടകയില്‍ നിന്ന് മാത്രം നേടിയത് 172 കോടിയായിരുന്നു. ഇപ്പോഴിതാ ഈ മാസ് ലിസ്റ്റില്‍ നിവിന്‍ പോളിയിലൂടെ മലയാളസിനിമയും ഇടംപിടിച്ചിരിക്കുകയാണ്.

മറ്റ് ഇന്‍ഡസ്ട്രികള്‍ മാസ് മസാല, പാന്‍ ഇന്ത്യന്‍ സിനിമകളിലൂടെ ഈ നേട്ടത്തിലെത്തിയപ്പോള്‍ വെറുമൊരു ഫീല്‍ഗുഡ്- റോം കോം ചിത്രത്തിലൂടെയാണ് മലയാളസിനിമ ചരിത്രമെഴുതിയത്. ബെത്‌ലഹേമിന്റെ കേരള കളക്ഷന്‍ ഇനി ആരാകും മറികടക്കുക എന്നാണ് പലരും ഉറ്റുനോക്കുന്നത്. മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും ഇതിന് സാധിക്കില്ലെന്നാണ് ആരാധകരുടെ വാദം.

Content Highlight: Nivin Pauly is the first Malayalam actor to get 150 crore from Kerala Box Office