പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കിരണ്‍ ജോസി സംവിധാനം ചെയ്ത അനുരാഗ് എന്‍ജിനീയറിങ് വര്‍ക്‌സ് എന്ന ഷോട്ട് ഫിലിമിലൂടെയും സോഷ്യല്‍ മീഡിയ റീലുകളിലൂടെയും അഭിനയരംഗത്ത് കരിയര്‍ ആരംഭിച്ച വ്യക്തിയാണ് അഖില ഭാര്‍ഗവന്‍. വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ആന്‍ണി വര്‍ഗീസ് നായകനായ പൂവന്‍ എന്ന ചിത്രത്തിലൂടെയാണ് അഖില തന്റെ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ താരത്തിന് മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിനല്‍കിയ ചിത്രമായിരുന്നു 2024ല്‍ ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമലു.
ചിത്രത്തില്‍ മമിത ബൈജുവിനൊപ്പം പ്രധാനവേഷത്തിലെത്തിയ അഖില, കാര്‍ത്തിക എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. അതേവര്‍ഷം പുറത്തിറങ്ങിയ മമിത ബൈജുവും ബേസില്‍ ജോസഫും പ്രധാനവേഷത്തിലെത്തിയ സൂക്ഷ്മദര്‍ശിനിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ താരം നായികയായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍.

അഖില ഭാര്‍ഗവന്‍. Photo: Akhila Bhargavan/ Facebook.com
നിലീന്‍ സാന്ദ്ര തിരക്കഥയെഴുതി സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരു സോണിക് സൂപ്പര്‍ പവര്‍ ലഭിക്കുന്ന റൂബന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും അഖില അവതരിപ്പിച്ച സൂസന്ന എന്ന കഥാപാത്രത്തിന് വലിയ കൈയടിയാണ് മെഡിക്കല്‍ മിറാക്കിള്‍ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ഒരു വാഹനാപകടത്തെ തുടര്‍ന്ന് കോമയിലാകുകയും പിന്നീട് അപ്രതീക്ഷിതമായി ഒരു സൂപ്പര്‍ പവറോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന റൂബന്റെ ഹോസ്പിറ്റലിലെ സിസ്റ്ററായാണ് അഖില അവതരിപ്പിച്ച സൂസന്ന ചിത്രത്തിലേക്കെത്തുന്നത്. സിനിമയുടെ ആരംഭത്തില്‍ ആശുപത്രി മുറിയില്‍ കോമയിലായ നായകനൊപ്പമുള്ള അഖിലയുടെ കോമ്പിനേഷന്‍ സീനുകളാണ് പ്രേക്ഷകനെ ചിത്രത്തിലേക്ക് ഇന്‍ ചെയ്യിക്കുന്നത്. അബദ്ധത്തിലാണെങ്കിലും റൂബനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതും സൂസന്നയാണ്.
ജീവിതത്തിലേക്ക് തിരിച്ചെത്തി ആശുപത്രി വിട്ട റൂബന്‍ രണ്ട് വര്‍ഷത്തോളം തന്നെ പരിചരിച്ച സൂസന്ന സിസ്റ്ററെ കാണാന്‍ കുമ്പളങ്ങിയ്ക്ക് വണ്ടികയറുമ്പോഴാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്. ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമായ ഷറഫുദ്ദീന്‍ അവതരിപ്പിച്ച സൂരജും റൂബനും കണ്ടുമുട്ടുന്നത് ഈ യാത്രയിലാണ്. പിന്നാലെ റൂബനും സൂസന്നയും പ്രണയത്തിലാകുന്ന സീനുകള്‍ ഇരുവരുടെയും കോമ്പിനേഷനില്‍ നന്നായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചുണ്ടെന്നത് എടുത്തു പറയേണ്ടതാണ്.

ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍.Photo: Think Music India/ Facebook.com
മെഡിക്കല്‍ മിറാക്കിളില്‍ അഖിലയുടെ അഭിനയത്തിലെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുന്ന ഒട്ടനവധി രംഗങ്ങളുണ്ടെന്ന് കാണാം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രം റൂബനെയും സൂസന്നയെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട് കെട്ടിയിട്ട് അക്രമിക്കുന്ന രംഗങ്ങളെല്ലാം തന്നെ അഖില എന്ന അഭിനേത്രയ്ക്ക് വലിയ ഭാവി മലയാളത്തിലുണ്ടെന്നതിന്റെ തെളിവായി കണക്കാക്കാം. കഥാപാത്രത്തിന്റെ നിസഹായതയും ഇമോഷനുകളും അഖില ഒരു കോട്ടവും തട്ടാതെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
മലയാളത്തില്‍ അനശ്വരയും മമിത ബൈജുവും അടക്കമുള്ള യുവനായികമാരുടെ കൂട്ടത്തിലേക്ക് തന്റെ പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിലൂടെ അഖില ഭാര്‍ഗവന്‍. പ്രേമലുവിലെയും സൂക്ഷമദര്‍ശിനിയിലെയും പോലെ കോമഡി-സഹതാരം റോളുകള്‍ മാത്രമല്ല അഭിനയപ്രാധാന്യമുള്ള നായികാവേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച അഖില കുറഞ്ഞ കാലം കൊണ്ട് തന്നെ തിരക്കുള്ള അഭിനേത്രിയായി മാറുമെന്ന് നിസംശയം പറയാം.
Content Highlight: Akhila Bharghvan’s performance in It’s a Medical Miracle
