കേരള ബോക്സ് ഓഫീസില്‍ നിന്ന് ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com
നിവിനും മമിതയ്ക്കും പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹന്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്രിന്ദ, മീനാക്ഷി തുടങ്ങി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറായിരുന്നു മലയാളികള്‍ക്ക് ലഭിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മമിത അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ അമ്മയായ ബിജി. മഞ്ജുശ്രീ നായര്‍ എന്ന ആര്‍ട്ടിസ്റ്റായിരുന്നു കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബിയോണ്ട് ദി മൈക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലെ തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും മഞ്ജുശ്രീ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘റോഷന്റെ വേറെ ഒരു മുഖമാണ് ഗ്ലിക്‌സനില്‍ കണ്ടത്. ആദ്യത്തെ സീനില്‍ തുള്ളി തുള്ളി എന്താ ചേട്ടാ എന്ന് ചോദിച്ച് പോകുന്ന മുതല്‍ എന്ത് രസമാണ് അതില്‍. അതുപോലെ ഷമീറിനെ എനിക്ക് ഇഷ്ടമാണ്. ഷമീര്‍ ഖാന്‍ സീരിയസ് ആയി നിന്ന് കൗണ്ടറടിച്ച് പോകും. സുരേഷേട്ടനും അങ്ങനെ തന്നെയാണ്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com
അതുപോലെ തന്നെയാണ് സംഗീത് പ്രതാപ്. സംഗീതിന്റെ ഉള്ളില്‍ കൗണ്ടറുകളുടെ ഒരു ഒഴുക്കാണ്. സംഗീത് അവന്റെ ബോഡിയും കൊണ്ടാണ് അഭിനയിക്കുക. ഏറ്റവും ഇഷ്ടപ്പെട്ട് ഒരാളെ എടുത്ത് പറയാന്‍ പറ്റില്ല. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. ഞാന്‍ ഓരോരുത്തരുടെ തമാശയും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാറുണ്ട്,’ മഞ്ജുശ്രീ പറഞ്ഞു.
Content Highlight: Manju Shree Nair talks about Bethlehem Characters
