2026 ബാലൺ ഡി ഓർ അവാർഡിന് അർഹതപ്പെട്ട താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പോർച്ചുഗീസ് താരം ജാവോ ഫെലിക്സ്. ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിനെയാണ് ജാവോ ഫെലിക്‌സ് ബാലൺ ഡി ഓറിനായി പിന്തുണച്ചത്.

കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ എന്നിവർക്ക് മികച്ച സീസൺ ഉണ്ടായിരുന്നുവെന്നും എന്നാൽ യമാലിന്റെ നേട്ടങ്ങൾ വലിയ പ്രാധാന്യമർഹിക്കുന്നുവെന്നുമാണ് ഫെലിക്‌സ് പറഞ്ഞത്. ഡയറിയോ എം.എൽ.എസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പോർച്ചുഗീസ് താരം.

‘ബാലൺ ഡി ഓർ എന്നത് കാണുമ്പോൾ തന്നെ ഇതൊരു സൂപ്പർ താരം ആണെന്ന് തോന്നിപ്പിക്കുന്ന ഫുട്ബോൾ ലോകം എപ്പോഴും ഓർത്തുവെക്കുന്ന താരങ്ങൾക്ക് ലഭിക്കേണ്ട പുരസ്കാരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ടിവി ഓൺ ചെയ്യുമ്പോൾ തന്നെ നമ്മളെ സ്ക്രീനിലേക്ക് ആകർഷിക്കുന്ന ഒരു താരം ഉണ്ടെങ്കിൽ അത് ലാമിൻ യമാലാണ്. ഹാരി കെയ്‌നും കിലിയൻ എംബാപ്പെക്കും മികച്ച സീസൺ ആയിരുന്നുവെന്നത് സത്യമാണ്. എന്നാൽ യമാൽ നൽകുന്നത് ഒരു ഫുട്ബോൾ വിരുന്ന് തന്നെയാണ്. അദ്ദേഹം ലോകകപ്പും നേടിയിട്ടുണ്ട്. ലോകകപ്പ് നടക്കുന്ന വർഷങ്ങളിൽ ബാലൺ ഡി ഓർ അവാർഡിന് പരിഗണിക്കപ്പെടാൻ ലോകകപ്പ് വിജയം വളരെ പ്രധാനമാണല്ലോ,’ ജാവോ ഫെലിക്സ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിൽ ബാഴ്‌സയെ ചാമ്പ്യന്മാരാക്കുന്നതിൽ യമാൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളിൽ നിന്നും ബാഴ്‌സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാൽ നേടിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഇതുവരെ 53 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

രാജ്യാന്തര തലത്തിൽ സ്‌പെയ്‌നിനൊപ്പം 2026 ഫിഫ ലോകകപ്പും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോളിൽ സ്‌പെയ്‌നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാൽ നേടിയത്.

യമാൽ തന്റെ കരിയറിൽ മൂന്നാം തവണയാണ് ബാലൺ ഡി ഓറിന് നാമനിർദേശം ചെയ്യപ്പെടുന്നത്. ഇതിന് മുമ്പ് 2024ലും 2025ലും താരത്തിന്റെ പേര് ബാലൺ ഡി ഓർ പട്ടികയിലുണ്ടായിരുന്നു.

ഒക്ടോബർ 26നാണ് ബാലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുക.ഇത്തവണ ലണ്ടനിൽ വെച്ചാണ് ബാലൺ ഡി ഓർ ചടങ്ങ് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ബാലൺ ഡി ഓർ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലൺ ഡി ഓർ ജേതാവായ സർ സ്റ്റാൻലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലൺ ഡി ഓർ ചടങ്ങ് നടക്കുക.

 

Content Highlight: Javo Felix talks Lamine Yamal deserve 2026 Ballon d or