ഐ.പി.എല്ലില്‍ തങ്ങളുടെ എട്ടാം മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഈ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ മുംബൈയുടെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ടി-20യില്‍ 350 വിക്കറ്റുകള്‍ എന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഇതിനായി താരത്തിന് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ മതി.
ജസ്പ്രീത് ബുംറ. Photo: R A T N I S H/x.com
നിലവില്‍ ടി-20യില്‍ ബുംറയ്ക്ക് 347 വിക്കറ്റുകളാണുള്ളത്. 274 ഇന്നിങ്‌സുകളില്‍ കളിച്ചാണ് പേസര്‍ ഇത്രയും വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്. താരം ഇന്ത്യ, ഗുജറാത്ത്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളായി കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.
ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ടി-20യില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും ബുംറയ്ക്ക് സാധിക്കും. നിലവില്‍ യുസ്വേന്ദ്ര ചഹല്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍. താരത്തിന് 331 ഇന്നിങ്സില്‍ നിന്നായി 388 വിക്കറ്റുകളുണ്ട്.
അതേസമയം, ഈ സീസണില്‍ ഇതുവരെ ബുംറയ്ക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഏഴ് മത്സരങ്ങളില്‍ കളിച്ച താരത്തിന് ഇതുവരെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. സീസണിലെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍ ഒരു വിക്കറ്റ് പോലും വീഴ്ത്തിയിട്ടില്ലായിരുന്നു.