കഴിഞ്ഞദിവസം വാംഖഡെയില്‍ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റിനാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.

സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മുംബൈ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബുംറക്ക് പുറമെ ജെറാള്‍ഡ് കൊട്‌സീ, ആകാശ് മധ്വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

5.25 എക്കോണമിയില്‍ പന്തെറിഞ്ഞ ബുംറ ബെംഗളൂരു താരങ്ങളായ വിരാട് കോഹ്ലി, നായകന്‍ ഫാഫ് ഡുപ്ലെസിസ്, മഹിപാല്‍ ലംറോര്‍, സൗരവ് ചൗഹാന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവരെ പുറത്താക്കിയാണ് കരുത്ത് കാട്ടിയത്. ഇതോടെ ബുംറ ആര്‍.സി.ബിയുടെ പേടി സ്വപ്‌നമായി മാറുകയാണ്. അതിന് വ്യക്തമായ കാരണവുമുണ്ട്.

ഐ.പി.എല്‍ ചരിത്രത്തില്‍ ബെംഗളൂരിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന ബഹുമതി ബുറക്കാണ്.

 

ഐ.പി.എല്‍ ചരിത്രത്തില്‍ ബെംഗളൂരിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

ജസ്പ്രീത് ബുംറ – 27*

രവീന്ദ്ര ജഡേജ – 26

സന്ദീപ് ശര്‍മ – 26

മാത്രമല്ല ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ വിരാടിനെ പുറത്താക്കിയതും മുംബൈയുടെ ഈ സ്റ്റാര്‍ പേസറാണ്. അഞ്ച് തവണയാണ് വിരാട് ബുംറക്ക് ഇരയായത്.

Content Highlight: Jasprit Bumrah Massive Performance Against RCB