ഒക്ടോബര്‍ പതിനഞ്ചിന് ജയിലര്‍ 2വിനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകം. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെന്ന കഥാപാത്രമായി 2023ല്‍ നെല്‍സണ്‍ തിയേറ്ററിന് തീയിട്ടപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. തലൈവര്‍ രജിനിയുടെ മാസും സ്വാഗും ഇരട്ടി പവറോടെ തിരിച്ചെത്തിയ ചിത്രത്തില്‍ മലയാളികളുടെ അഹങ്കാരം മോഹന്‍ലാലും കന്നട സൂപ്പര്‍താരം ശിവരാജ് കുമാറും എത്തിയപ്പോള്‍ ജയിലര്‍ കത്തിക്കയറുകയായിരുന്നു.

ജയിലര്‍. Photo: X.com

ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ഓളമായിരുന്നു സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. രജിനികാന്ത്, ശിവരാജ്കുമാര്‍, ഹൃത്വിക് റോഷന്‍ തുടങ്ങി വലിയ താരനിരയുള്ള ചിത്രത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഹൈപ്പുള്ളത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രത്തിനാണ്. ട്രെയ്‌ലര്‍ പുറത്തുവന്ന സണ്‍ ടി.വിയുടെ കമന്റ് ബോക്‌സ് മുഴുവന്‍ ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇന്ന്(ഞായര്‍) ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമുകളില്‍ വന്‍ തരംഗം സൃഷ്ടിക്കുന്ന വിധത്തില്‍ വന്‍ സ്വീകാര്യതയാണ് ജയിലര്‍ 2വിന് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ചിത്രത്തിന്റെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണമായി വിറ്റുതീര്‍ന്നിരിക്കുകയാണ്.

പ്രീ സെയില്‍സിലൂടെ ഇതിനോടകം ചിത്രം രണ്ടരക്കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണിക്കൂറില്‍ മൂപ്പതിനായിരത്തിലധികം ടിക്കറ്റുകളാണ് ഒരു മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയിരിക്കുന്നത്. ഒന്നരലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇപ്പോള്‍ ഞായര്‍ ഉച്ച വരെ വിറ്റുപോയിരിക്കുന്നതെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ കേരളത്തില്‍ നിന്നും മാത്രമായി നൂറു കോടി നേടുന്ന തമിഴ് ചിത്രമാകാനുള്ള പൊട്ടന്‍ഷ്യലും ജയിലര്‍ 2നുണ്ട്.

Photo: X.com

മോഹന്‍ലാലിന് പുറമെ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഗദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്‍, മിര്‍ണ, അന്ന രാജന്‍, ഷംന കാസിം തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മലയാളി അഭിനേതാക്കളാണ്. ഇവര്‍ക്ക് പുറമെ ജയിലറില്‍ വര്‍മനായി ഗംഭീര പ്രകടനം കാഴ്ചവെച്ച വിനായകന്‍ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലെത്തുമെന്നും സൂചനകളുണ്ട്.

Content Highlight: Jailer 2 Online Booking trend