സിനിമാപ്രേമികള്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ അണിയിച്ചൊരുക്കുന്ന ചിത്രം ബോക്‌സ് ഓഫീസിലെ റെക്കോഡുകള്‍ ഒന്നുവിടാതെ തകര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റുകള്‍ കൊണ്ടും ജയിലര്‍ 2 ഹൈപ്പിന്റെ കൊടുമുടിയിലെത്തി.
തമിഴിലെ ആദ്യ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് കരുതുന്നത്. ഐമാക്‌സ് വേര്‍ഷനിലും ചിത്രം ആസ്വദിക്കാമെന്ന് നിര്‍മാതാക്കള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രജിനിയുടെ മാസ് സീനിലെ ചിത്രമാണ് ഐമാക്‌സ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. കാറിന്റെയും ബ്ലാസ്റ്റിന്റെയും ബാക്ക്ഗ്രൗണ്ടില്‍ മാസ്സായി നില്‍ക്കുന്ന മുത്തുവേല്‍ പാണ്ഡ്യനാണ് പോസ്റ്ററിലുള്ളത്.

പോസ്റ്ററിനെ ഡീക്കോഡ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ ഇതിനോടകം വൈറലായി. പോസ്റ്ററിലുള്ളത് രജിനിയാണെങ്കിലും ഈ സീനില്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നത് മറ്റൊരാളാണെന്ന് ഡീകോഡിങ് പോസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഫോട്ടോ സൂം ചെയ്ത് നോക്കിയാല്‍ കാറിനകത്ത് ഒരാളിരിക്കുന്നത് കാണാമെന്നും അത് മോഹന്‍ലാലാണെന്നും ചിലര്‍ തിരിച്ചറിഞ്ഞു.
മുത്തുവേല്‍ പാണ്ഡ്യനെ സഹായിക്കാനായി മാത്യു എത്തുന്ന സീനാകും ഇതെന്നും ആദ്യഭാഗത്തെക്കാള്‍ ഗംഭീര മൊമന്റ് ഈ സീനില്‍ എക്‌സ്പീരിയന്‍സ് ചെയ്യാനാകുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു. നെല്‍സണ്‍ അറിഞ്ഞ് ചിത്രീകരിച്ച സീനാണെങ്കില്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്നാണ് പലരുടെയും പ്രതീക്ഷ.

ആദ്യഭാഗത്തില്‍ വെറും രണ്ട് സീനുകള്‍ കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യൂസ്. മുംബൈയിലെ അണ്ടര്‍വേള്‍ഡ് ഡോണായ മാത്യു ഇത്തവണ ഡബിള്‍ ഡോസില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താടി വടിച്ച് മീശ പിരിച്ച ലുക്കിനൊപ്പം അനിരുദ്ധിന്റെ ബി.ജി.എമ്മും കൂടിയാകുമ്പോള്‍ ആവേശം അണപൊട്ടുമെന്ന് ഉറപ്പാണ്.
മോഹന്‍ലാലിനൊപ്പം സീന്‍ തൂക്കാന്‍ കെല്പുള്ള ചില കാമിയോയും ജയിലര്‍ 2ലുണ്ട്. ആദ്യഭാഗത്തില്‍ വെറും ടിഷ്യു പേപ്പര്‍ കൊണ്ട് മാസ് കാണിച്ച ശിവ രാജ്കുമാറിന് പുറമെ വിജയ് സേതുപതി, മിഥുന്‍ ചക്രവര്‍ത്തി, ഹൃതിക് റോഷന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ഒക്ടോബര്‍ 16ന് മാസിന്റെ എക്‌സ്ട്രീം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Jailer 2 Imax Poster decoding posts viral in Social media
