ചത്രപതി സംഭാജി നഗര്‍: ടി.സി.എസ് കേസുമായും കുറ്റാരോപിത നിദ ഖാനുമായും തന്‌റെ പാര്‍ട്ടിക്ക് ബന്ധമാരോപിക്കുന്നത് തെറ്റായ കാര്യമെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‌റ് അസദുദ്ദീന്‍ ഒവൈസി. നിദ ഖാന്‍ കേസില്‍ നിരപരാധിയാണെന്ന് കോടതിയില്‍ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആര്‍ വിഷയത്തില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഒവൈസി. നിദ ഖാന്‍ ‘മാധ്യമ വിചാരണ’ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇതൊരു മാധ്യമ വിചാരണയാണ്. മാധ്യമങ്ങള്‍ ജഡ്ജിമാരെപ്പോലെയും വക്കില്‍മാരെപ്പോലെയും പെരുമാറുന്നു. അത് അപകടകരമാണ്. അത് നീതിക്ക് വേണ്ടിയല്ല നടക്കുന്നത്. കോടതി നീതി നല്‍കുമെന്നും ആ പെണ്‍കുട്ടി (നിദ ഖാന്‍) നിരപരാധിയാണെന്ന് തെളിയുമെന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഈ കേസ് കോടതിയില്‍ നില്‍ക്കില്ല,’ ഒവൈസി പറഞ്ഞു.
‘ ഇത് മുസ്‌ലിം സമുദായത്തിലെ അഭ്യസ്ഥവിദ്യരായവരെ ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്നതാണ്. ആരോപണങ്ങള്‍ വെറുപ്പില്‍ നിന്ന് വരുന്നതാണ്. കോടതി അവരുടെ പങ്ക് നിര്‍വഹിക്കും. ഒരു പാര്‍ട്ടിയെ ഈ കേസുമായി ബന്ധിപ്പിക്കുന്നത് തികച്ചും തെറ്റായ കാര്യമാണ്,’ ഒവൈസി അഭിപ്രായപ്പെട്ടു.
ടി.സി.എസില്‍ ലൈംഗിക പീഡനവും നിര്‍ബന്ധിത മത പരിവര്‍ത്തനവും നടന്നു എന്ന കേസില്‍ നിദ ഖാനെ കഴിഞ്ഞ ചൊവ്വാഴ്ച ചത്രപതി സംഭാജി നഗറില്‍ വെച്ച് നാഷിക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നിദയ്ക്ക് അഭയം നല്‍കിയെന്ന് എ.ഐ.എം.ഐ.എം നഗരസഭാംഗം മാര്‍ച്ചിന്‍ പട്ടേലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഭരണമുന്നണിയായ മഹായുതിയുടെ നേതാക്കളില്‍ നിന്ന് എ.ഐ.എം.ഐ.എമ്മിനെതിരെ കടുത്ത പ്രതികരണങ്ങളുണ്ടാവുകയും ചെയ്തു. കേസില്‍ എ.ഐ.എം.ഐ.എമ്മിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രിമാരായ സഞ്ജയ് ഷിര്‍സാതും നിതീഷ് റാണെയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight: It was wrong to associate his party with the TCS case, Says Owaisi