മലയാളത്തിലും തെന്നിന്ത്യയിലുമായ് നിറ സാന്നിധ്യമറിയിച്ച ഗായകനാണ് കെ.എസ്.ഹരിശങ്കർ. നാല് വയസുള്ളപ്പോൾ കെ.ജെ.യേശുദാസിന്റെ കൂടെ പാടിക്കൊണ്ടായിരുന്നു സിനിമ രംഗത്തേക്ക് ഹരിശങ്കർ കടന്ന് വരുന്നത്. പിന്നീട് നീണ്ട ഇടവേളക്ക് ശേഷം 2014ൽ ‘കാരണവർ’ എന്ന സിനിമയിൽ പാടികൊണ്ടാണ് തിരിച്ചു വരുന്നത്. പക്ഷേ ‘കാരണവർ’ക്ക് ശേഷം പാടിയ ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന സിനിമയിലെ പാട്ടാണ് ആദ്യം പുറത്തു വന്നത്.

ഹരിശങ്കർ പാടിയ ബെത്‌ലഹേമിലെ ‘ഇന്ദ്രജാലവും’,’വർണജാലവും’ സിനിമാ പ്രേമികളുടെ ഇഷ്ടപാട്ടുകളിൽ ഇതിനോടകം തന്നെ ഇടം നേടി കഴിഞ്ഞിരുന്നു. പാട്ട് പാടുന്നതിന്‌ മുമ്പ് അതിന്റെ വരികളിലാണ് താൻ ലോക്കായതെന്ന് പറയുകയാണ് ഹരിശങ്കർ. ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് ബെത്‌ലഹേമിലെ ‘ഇന്ദ്രജാലം’ പാടിയപ്പോഴുണ്ടായ അനുഭവങ്ങൾ ഹരിശങ്കർ പങ്കു വച്ചത്.

കെ.എസ്.ഹരിശങ്കർ.Photo.Screen Grab/Youtube.com

‘സുഹൈലിക്ക പടപടേന്ന് എഴുതി തീർത്ത പാട്ടാണത്. പാട്ട് പാടുന്നതിന്‌ മുമ്പേ ആ ലിറിക്കിലാണ് ഞാൻ ലോക്കായത്. ‘ഇന്ദ്രജാല’മെന്ന വാക്ക് പുള്ളിയുടെ ബ്രില്യൻസാണ്. ആ സിനിമയിൽ ഒരു മാജിക് എലമെന്റുണ്ട്. അങ്ങനെയുള്ള സിറ്റുവേഷൻസ് വരുമ്പോഴാണ് അത് പോലെയുള്ള പാട്ടുകൾ സംഭവിക്കുന്നത്. അത് മേറ്റർ ചെയ്യുന്ന കാര്യമാണ്. ഞങ്ങളെപോലെയുള്ള പാട്ടുകാർക്കും അത് പോലുള്ള കഥകളോ സിറ്റുവേഷൻസോ ഉണ്ടാവുമ്പോഴാണ് നമുക്കും ഇങ്ങനെയുള്ള പാട്ടുകൾ കിട്ടുന്നത്’. ഹരിശങ്കർ പറഞ്ഞു.

ഇത്രയും വലിയ സിനിമയിലാണ് പാടുന്നതെന്ന് വിചാരിച്ചില്ലെന്നും സിനിമയിലെ ‘വർണജാല’മാണ് ആദ്യം റെക്കോർഡ് ചെയ്തതെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു. സിനിമയിലെ രണ്ട് പാട്ട് പാടാൻ പറ്റുകയും നല്ല രീതിയിലത് പുറത്തു വന്നതിലും പ്രേഷകർക്കത് ഇഷ്ടപെട്ടതിലും ഏറെ സന്തോഷമുണ്ടെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു.

വിഷ്ണു വിജയ് സംഗീതം ചെയ്ത് സുഹൈൽ കോയ വരികളെഴുതി കെ.എസ്.ഹരിശങ്കറിന്‌ പുറമെ അപർണ ഹരികുമാർ, വിഷ്ണു വിജയ് എന്നിവരാണ് ബെത്‌ലഹേമിലെ ‘ഇന്ദ്രജാലം’ പാടിയത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്‌ത ചിത്രത്തിന് തിയേറ്ററിലും ഒ.ടി.ടിയിലുമായ് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്.

‘വാനം ചായും’,’നിലാവും മായുന്നു’ തുടങ്ങിയ പാട്ടുകളിലൂടെയാണ് ഹരിശങ്കർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തീവണ്ടി സിനിമയിലെ ‘ജീവാംശമായ്’ എന്ന പാട്ടിലൂടെ ജനപ്രിയ പാട്ടുകാരനായ് മാറുകയുമായിരുന്നു. അതിരനിലെ ‘പവിഴമഴയെ’, അനുഗ്രഹീതൻ ആന്റണിയിലെ ‘കാമിനി’ എന്നീ പാട്ടുകൾക്കെല്ലാം പ്രത്യേക ഫാൻബേസ് തന്നെ ഹരിശങ്കറിനുണ്ട്.

Content Highlight: It was those lines that hooked me; songs like that happen when stories like that come along said K.S. Harisankar